മെഡിക്കൽ കോളേജ് കാന്റീൻ ക്രമക്കേടിൽ അച്ചടക്കനടപടി
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കാന്റീൻ നടത്തിപ്പിൽ ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിക്ക് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആശുപത്രി വികസന സമിതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കാന്റീന് ടെണ്ടർ ക്ഷണിച്ചതുമായി ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി സസ്‌പെന്റ് ചെയ്യണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം എ ആൻഡ്രൂസിന് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷം 2.25 കോടി രൂപക്കാണ് കാന്റീൻ നടത്തിപ്പിനുളള അവകാശം ടെണ്ടർ ചെയ്യപ്പെട്ടത്. ഈ വർഷം ഒക്‌ടോബർ 25 ന് ആദ്യ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിൽ യോഗ്യരായവരെ കണ്ടെത്താൻ കഴിയാത്തിരുന്നതിനെ തുടർന്ന് ഡിസംബർ 21 ന് റീടെണ്ടർ ചെയ്തു. റീടെണ്ടർ നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ ക്രമക്കേട് നടന്നതായാണ് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടത്. കാന്റീൻ കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവർത്തിക്കാത്തതു മൂലം പരാതി ഉയർന്നതും കളക്ടർ പരിഗണിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി സ്വീകരിക്കാൻ കളക്ടർ ആശുപത്രി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടത്. ആശുപത്രി വികസന സമിതിയുടെ അടുത്ത യോഗം ഈ മാസം തന്നെ ചേരുമെന്നും കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
- Log in to post comments