ജലസേചനം: ഭാഗമായി ചെടിയുടെ ചുവട്ടിൽ വെള്ളം എത്തിക്കുന്നതിനുള്ള കണക്ക് കൂടി വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
ജലസേചന പദ്ധതിയുടെ ഭാഗമായി കൃഷിയിടത്തിലെ ചെടിയുടെ ചുവട്ടിൽ എന്ന് വെള്ളം എത്തിക്കും എന്നതിനുള്ള കണക്ക് കൂടി ഉണ്ടാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അവസാന ഘട്ടത്തിന്റെയും അളഗപ്പ നഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ്ലൈൻ വിപുലീകരണം രണ്ടാംഘട്ടത്തിന്റെയും നിർമ്മാണോദ്ഘാടനവും പൈപ്പ്ലൈൻ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യലും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി.
വെള്ളം വിതരണം നടത്തുക മാത്രമല്ല, വാഴയുടെ ചുവട്ടിൽ, തെങ്ങിന്റെ ചുവട്ടിൽ എപ്പോൾ വെള്ളം എത്തിക്കുമെന്ന രീതിയിലുള്ള പ്ലാൻ, അതാണ് കമ്മ്യൂണിറ്റി ഇറിഗേഷൻ എന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ കണക്ക് തയ്യാറാക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നുള്ള ജലം ഉപയോഗിച്ച് സൂക്ഷ്മതല ജലസേചനം നടത്തിയാൽ കൂടുതൽ കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയും. 820 ഹെക്ടറിൽ ജലസേചനത്തിനുള്ള തോട്ടുമുഖം പദ്ധതിയിലൂടെ സൂക്ഷ്മതല ജലസേചനം നടത്തിയാൽ 1500 ഏക്കറിൽ വെള്ളം എത്തിക്കാൻ കഴിയും. അളഗപ്പ നഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ്ലൈൻ വിപുലീകരണത്തിന് 80 ലക്ഷം രൂപ വാട്ടർ അതോറിററി അനുവദിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു.
വെണ്ടോർ മഞ്ഞളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പുതുക്കാട് മണ്ഡലത്തിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനുള്ള മാസ്റ്റർപ്ലാൻ വാട്ടർ അതോറിറ്റി തയാറാക്കിയതായി മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു. എല്ലായിടത്തും ജലം എത്തിയോ എന്ന് ഉറപ്പാക്കാൻ ജലവിഭവ സോഷ്യൽ ഓഡിറ്റിംഗ് മണഡലത്തിൽ നടത്തും. പുതുക്കാട് കുടിവെള്ള പദ്ധതി ഫെബ്രുവരി പത്തിന് കമീഷൻ ചെയ്യുമെന്നും മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അളഗപ്പനഗർ, വരന്തരപ്പള്ളി, തൃക്കൂർ, പുതുക്കാട്, നെന്മണിക്കര ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിനും ജലസേചനത്തിനുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണത്തിന് 10.17 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
നിലവിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് അളഗപ്പ നഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ്ലൈൻ വിപുലീകരണം രണ്ടു ഘട്ടമായി നടത്തുന്നത്. പഞ്ചായത്തിലെ പുതുക്കാട്-അളഗപ്പനഗർ ഗ്രാമീണ കുടിവെള്ള പദ്ധതി, വരാക്കര ഗ്രാമീണ കുടിവെള്ള പദ്ധതി, പൂക്കോട് ഗ്രാമീണ കുടിവെള്ള പദ്ധതി എന്നിവയുടെ വിതരണ ശൃംഖലകൾ, നിലവിലെ പൈപ്പ്ലൈൻ ദീർഘിപ്പിച്ചും കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിച്ചും വിപുലീകരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൂർത്തിയാവുമ്പോൾ പഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യപ്രഭാഷണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കലാപ്രിയ സുരേഷ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ കൊച്ചുഗോവിന്ദൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ അനിൽ, നെൻമണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ലതിക, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ സോജൻ ജോസഫ്, കെ.എം. ചന്ദ്രൻ, സനൽ മഞ്ഞളി, രാഘവൻ മുളങ്ങാടൻ, കെ.സി. കാർത്തികേൻ, ജോർജ് താഴേക്കാടൻ, എ.ജി. രാജേഷ്, അബ്ദുട്ടി ഹാജി എന്നിവർ സംസാരിച്ചു. എറണാകുളം എം.ഐ.സി.സി സൂപ്രണ്ടിംഗ് എൻജിനീയർ ഷേർളി സെബാസ്റ്റിയൻ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എച്ച്. ഷംസുദ്ദീൻ സ്വാഗതവും തൃശൂർ മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.ആർ. ഷീല നന്ദിയും പറഞ്ഞു.
- Log in to post comments