പരമാവധി നെല്ല് സംഭരണം ലക്ഷ്യമിട്ട് സപ്ലൈകോ; രണ്ടാം ഘട്ടത്തിൽ ലഭിച്ചത് നാലു കോടി രൂപയുടെ മൂല്യം
കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണം രണ്ടാം ഘട്ടത്തിൽ 1512 ടൺ പൂർത്തിയായി. നാലര കോടിയുടെ രൂപയുടെ മൂല്യമാണ് ഇത് വഴി സപ്ലൈകോയ്ക്ക് നേടാനായത്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടൺ നെല്ലാണ് നെല്ല് സംഭരണം പൂർത്തിയായപ്പോൾ കർഷകരിൽ നിന്ന് സംഭരിച്ചത്. ഈ വർഷവും അത്ര തന്നെ നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാംഘട്ട രജിസ്‌ട്രേഷനിൽ ഇതിനകം പങ്കാളികളായത് 24391 കർഷകർ. തലപ്പിള്ളി താലൂക്കിൽ നിന്ന് ഏറ്റവുമധികം കർഷകർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10402 പേർ. സീസൺ ആയതിനാൽ ജനുവരി മാസം കഴിയുന്നതോടെ കർഷകരുടെ എണ്ണം ഇനിയും വർധിക്കും. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറായിട്ടുണ്ട്. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18/19 രൂപ സംഭരണ വിലയായി നൽകുമ്പോൾ സപ്ലൈകോ നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.
www.supplycopaddy.in എന്ന സൈറ്റ് വഴിയാണ്കർഷകർ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടത്. അതേസമയം രണ്ടാംഘട്ട ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കർഷകർ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസർ അറിയിച്ചു. വയലിൽ കൃഷി ഇറക്കിയ എല്ലാവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്റ്റർ നടപടികൾ പൂർത്തിയായാൽ മാത്രമാണ് അധികൃതർക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാവൂ. വയൽ പരിശോധിച്ച് ശുപാർശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥർ അപേക്ഷകൾ പാഡി ഓഫീസിലേക്ക് അയക്കും. അവിടെ നിന്ന് കൊയ്ത്ത് തീയതിക്കകം പൂർത്തിയാക്കേണ്ട മറ്റു പ്രവർത്തനങ്ങൾക്കും അവരവരുടെ ജോലികൾ സമയബന്ധിതമായി തീർക്കാനും, കൊയ്ത്തിനു അഞ്ച് ദിവസം മുൻപു തന്നെ, നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ച്, കർഷകരെ അറിയിക്കാനും നേരത്തെ ചെയ്യാനും സാധിക്കും. കൊയ്ത്തു കഴിഞ്ഞ്, നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും.. അപേക്ഷകൾ സമയത്തിന്കിട്ടിയാൽ മാത്രമേ കൃത്യമായ സമയത്ത് മില്ല് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
- Log in to post comments