കുട്ടനാട്ടില്‍ ആദ്യമായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോര്‍ത്ത് മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം ആരംഭിച്ചു. കൈനകരി പഞ്ചായത്തിലെ കൂലിപുരയ്ക്കല്‍ പാടശേഖരത്തില്‍ ആരംഭിച്ച പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കത്തിന് ശേഷം അമിതമായ കൂലി ചെലവും കൃഷിക്ക് ആളെ കിട്ടാത്ത സാഹചര്യത്തിലും കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഒരു ഏക്കര്‍ പാടത്ത് കൃഷിയിറക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ശാസ്ത്രീയമായി ഈ കൃഷിരീതി നടപ്പിലാക്കുമ്പോള്‍ ആകുന്നുള്ളൂ എന്നത് ഇതിന്റെ പ്രത്യേകതയാണ്.
ഒരേക്കറിന് 40 കിലോ നെല്ല് വിതയ്ക്കാനുള്ള നിലവിലെ സാഹചര്യത്തില്‍ 20 കിലോ മാത്രമേ യന്ത്രവത്കൃതമായി നടുമ്പോള്‍ ആവശ്യം വരുന്നുള്ളൂ.
നെല്ല് വിളവെടുക്കാനായാല്‍ യന്ത്ര സംവിധാനത്തിലൂടെ കൊയ്തുമറിച്ച് കറ്റ കെട്ടി ലഭിക്കുകയും നെല്ല് വേര്‍തിരിച്ച് ലഭിക്കുകയും ചെയ്യുന്നു. എം.കെ.എസ്.പി നോര്‍ത്ത് ഫെഡറേഷന്‍ ഇവര്‍ക്കാവശ്യമായ യന്ത്ര സംവിധാനം നല്‍കും. ഇതിലൂടെ വനിതകള്‍ക്ക് സ്ഥിര വരുമാനവും കര്‍ഷകര്‍ക്ക് കൃഷി ലാഭവും ഉറപ്പാക്കാം.
- Log in to post comments