Skip to main content

ഏഴാമത് സാമ്പത്തിക സെന്‍സസിന് ജില്ല ഒരുങ്ങി

ജില്ലയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനുള്ള സാമ്പത്തിക സെന്‍സസിന് ജില്ലയില്‍ ക്രമീകരണങ്ങളായി

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. 2013ലെ സാമ്പത്തിക സെന്‍സസ് പ്രകാരം 2,27,334 സ്ഥാപനങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. ഇത് സംസ്ഥാനത്ത് ആകെയുളള സ്ഥാപനങ്ങളുടെ 6.73 ശതമാനമാണ്. 4,52,987 പേരാണ് ഈ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ 43.29 ശതമാനവും സ്ത്രീകളാണ്. ഏറ്റവും പുതിയ വിവരശേഖരണമാണ് സെന്‍സസിന്‍റെ ലക്ഷ്യം.

 വിവരശേഖരണത്തിന് പരിശീലനം നല്‍കി 1488 എന്യൂമറേറ്റര്‍മാരെയും 132 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിലാണ്  സെന്‍സസ് നടത്തുന്നത്.

സെന്‍സസിനായി സംസ്ഥാന- ജില്ലാ തലങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.  ജില്ലാ കളക്ടര്‍ ചെയര്‍മാനും ആസൂത്രണം, വ്യവസായം, വനം, തദ്ദേശ സ്വയംഭരണം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായുമുള്ള  ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്നു.

എ.ഡി.എം അനില്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, റിസര്‍ച്ച് ഓഫീസര്‍ പി.ആര്‍. ശ്രീലേഖ, കണ്‍സള്‍ട്ടന്‍റ് ജഗന്‍ സാബു എന്നിവര്‍ സംസാരിച്ചു.

date