Skip to main content
ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി. മൊയ്തീന്‍  ഉദ്ഘാടനം ചെയ്യുന്നു.

വികസനകാര്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍ക്കു പൂര്‍ണ സഹായം: മന്ത്രി എ. സി. മൊയ്തീന്‍

                                                                                                     

 

 സംസ്ഥാനത്തെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളുടെയും വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടറേറ്റിനോടനുബന്ധിച്ചു നാലരക്കോടി ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
 
സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതിന്റെ പ്രധാന കാരണം അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതം ലഭിക്കാത്തതാണ്. എന്നിരുന്നാലും ഈ പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. മറ്റ് അര്‍ഹതപ്പെട്ട വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തി ഇത് പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്. ജില്ലാ പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചു നില്‍ക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
  വികസന പ്രക്രിയയില്‍ ഇടുക്കി ജില്ല മികച്ച നേട്ടം കൈവരിച്ചതായി അറിയിച്ച മന്ത്രി അതിനായി പരിശ്രമിച്ച തദ്ദേശസ്വയംഭരണ പ്രതിനിധികളെയും മറ്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. സ്ഥലവരാസൂത്രണവും (നഗരം) ദുരന്തനിവാരണവും ഒന്നിച്ചു കൊണ്ടുപോയാല്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ആസൂത്രണ പ്രക്രിയയ്ക്കു കഴിയും. 2020-21  ആസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളില്‍ നിന്നും വികസന സെമിനാറുകളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രാദേശികതലത്തില്‍ രൂപികരിക്കും.

ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് സംസ്ഥാനത്തിന് പ്രളയപുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 500 കോടി രൂപ ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലായി 266 കോടി രൂപയ്ക്ക് അനുമതി ലഭിച്ചു. ഇതില്‍ ഇടുക്കി ജില്ലയ്ക്ക് 90 കോടി വകയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പുതുവത്സര പ്രഖ്യാപനത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 961 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ നല്ലൊരു തുക ജില്ലയ്ക്ക് അനുവദിക്കുമെന്നും എത്രയും വേഗം ഗ്രാമീണ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് വിഹിതമായി 251 കോടി രൂപയില്‍ 17 കോടി ജില്ലയ്ക്ക് നീക്കി വച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ ഒഴിവാക്കുന്നതിനായി കരാറുകാര്‍ക്കുള്ള പണം അവരുടെ അക്കൗണ്ടില്‍ നേരിട്ട് നല്‍കും. ജില്ലയിലെ മാലിന്യ വിഷയം എല്ലാ ത്രിതല പഞ്ചായത്തുകളും ഗൗരവപൂര്‍വം കണക്കിലെടുക്കണം. കോഴിക്കോട് ഞെളിയന്‍പറമ്പ് മാതൃകയില്‍ മാലിന്യത്തില്‍ നിന്ന്വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി ജില്ലയില്‍ നടപ്പിലാക്കണമെന്നും സ്വന്തം പ്രദേശത്തെ മാലിന്യം അതത് ഇടങ്ങളില്‍ത്തന്നെ സംസ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.
 വനംവകുപ്പുമായി തര്‍ക്കമുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം സംബന്ധിച്ചു ചര്‍ച്ച ചെയ്തു പരിഹരിക്കും. വന്യജീവികളുടെ വാസസ്ഥലങ്ങളിലൂടെയുള്ള റോഡുകളുടെ നിര്‍മാണം സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. വികസന കാര്യങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ പൊതുവിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്ന ജില്ലാ കളക്ടര്‍ എച്ച്. ദിനേശനെ മന്ത്രി അഭിനന്ദിച്ചു.
 പ്രളയത്തിനു ശേഷം ജില്ലയിലെ പുനര്‍നിര്‍മാണ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു  നിന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ പറഞ്ഞു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു.ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എംപി. അജിത്കുമാര്‍, നഗരാസൂത്രണ വിഭാഗം ഡയറക്ടര്‍ ആര്‍. ഗിരിജ, ജില്ലാ ആസൂത്രണ ഓഫീസര്‍ കെ. കെ. ഷീല തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.  

  ഇടുക്കി ജില്ലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 25 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടനിര്‍മാണത്തിന് 450.96 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ  125 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 138.95 ലക്ഷം രൂപയും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും 207.75 ലക്ഷം രൂപയുമടക്കം 471.70 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.  
കെട്ടിടത്തിന്റെ സിവില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചത് പൊതുമരാമത്ത് കെട്ടിട വിഭാഗം ഇടുക്കി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍ നോട്ടത്തിലും ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മേല്‍ നോട്ടത്തിലും  ഇലക്ട്രോണിക്സ് സംബന്ധമായ  പ്രവര്‍ത്തികള്‍ പൊതുമരാമത്ത് ഇലക്ട്രോണിക്സ്  വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍ നോട്ടത്തിലുമാണ് പൂര്‍ത്തികരിച്ചത്. ഗ്രൗണ്ട് ഫ്ളോര്‍ അടക്കം 3 നിലകളുള്ള സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന് 22191.09 ചതുരശ്ര അടിയിലാണ്.

date