തൊണ്ണൂറാം വയസില്‍ ഭൂമിയില്‍ അവകാശം നേടി ജാനകിയമ്മ
ജീവിതം പല വേഷങ്ങളില്‍ കെട്ടിയാടിയ ഊര്‍ങ്ങാട്ടിരി വെങ്ങാട്മല കോളനിയിലെ തെക്കേടത്ത് ജാനകി തന്റെ തൊണ്ണൂറാം വയസ്സില്‍ ഭൂമിയുടെ അവകാശിയായി. ഊര്‍ങ്ങാട്ടിരി വില്ലേജിലെ മൈത്ര സ്വദേശി നാരായണന് നായരുടെ ഭാര്യ ജാനകിയമ്മയുടെ നിറ പുഞ്ചിരിയായിരുന്നു മലപ്പുറത്ത് നടന്ന ജില്ലാതല പട്ടയമേളയിലെ മുഖ്യ ആകര്‍ഷണം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്ന് ആദ്യ പട്ടയം ഏറ്റു വാങ്ങിയപ്പോള്‍ ജാനകിയമ്മയ്ക്ക് അത് ജീവിത സാഫല്യമായി.
ജീവിതം എന്തെന്നറിയും മുമ്പ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു വന്ന ജാനകിയമ്മയ്ക്ക് ഭര്‍ത്താവ് തെക്കേടത്ത് നാരായണന് നായരുടെ നിര്യാണത്തോടെ ഏക മകന് ഗോപിനാഥനായി ആശ്രയം. പിന്നീട് വീടും സ്ഥലവും അന്യമായി. തുടര്‍ന്ന് മൈത്ര കുരിക്കിലംപാടിലെ നിരത്തു വക്കില്‍ താത്കാലികമായി നിര്‍മിച്ച ഷെഡിലായിരുന്നു 14 വര്‍ഷം ജീവിതം. സര്‍ക്കാറില്‍ നിന്ന് നാലു സെന്റ് ഭൂമി പതിച്ചു കിട്ടിയതോടെ സ്വന്തം സ്ഥലത്ത് വീട് നിര്‍മിച്ച് മകനോടൊപ്പം താമസം തുടങ്ങി. ഊര്‍ങ്ങാട്ടിരി വില്ലേജിലെ സര്‍വേ നമ്പര്‍ 377/2ല്‍ നാലു സെന്റ് പുരയിടമാണ് ജാനകിയമ്മയ്ക്ക് ലഭിച്ചത്. അറുപത് കാരനായ മകനാണ് അമ്മയ്ക്ക് തണലായുള്ളത്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ജാനകിയമ്മ ചിരിച്ചു. സ്വന്തം പേരിലുള്ള ഭൂമിയില്‍ അവകാശം ലഭിച്ചതിലുള്ള സന്തോഷാധിക്യത്താല്‍ ഭൂമിയുടെ അവകാശിയായതില്‍ പട്ടയം ഉയര്‍ത്തിക്കാട്ടിയുള്ള നിറ പുഞ്ചിരി. മന്ത്രിയില്‍ നിന്നു നേരിട്ടു പട്ടയം വാങ്ങിയ ജനകിയമ്മ ജീവിതത്തിലേക്കു തിരികെ നടക്കുകയാണ്. ആത്മാഭിമാനത്തോടെ.
- Log in to post comments