ലൈഫ്' ഓഫ് സോജൂട്ടന്‍ ആന്റ് അമ്മ
'ലൈഫ് ഓഫ് ജോസൂട്ടി ' എന്ന സിനിമയുടെ യാതൊരു ഛായയും ഈ ജീവിത കഥയ്ക്കില്ല. ഇത് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 34കാരന്‍ സോജൂട്ടന്റെയും ഇപ്പോഴും കൈക്കുഞ്ഞിനെയെന്ന പോലെ സോജൂട്ടനെ പരിപാലിക്കുന്ന അമ്മയുടെയും കഥയാണ് . 'ലൈഫ്' അവര്‍ക്ക് പകര്‍ന്നു നല്കിയ പുതു ജീവിതത്തിന്റെ കഥ. അടച്ചുറപ്പുള്ളതും തട്ടിവീഴ്ത്താന്‍ കട്ടിളപ്പടികളില്ലാത്ത, അലര്‍ജിയുണ്ടാക്കുന്ന പൊടിശല്യമില്ലാത്ത, ടൈലു പതിച്ച, അറ്റാച്ചിഡ് ബാത്ത് റൂം ഉള്ള മനോഹരമായ വീടിനുള്ളിലിരുന്ന് തങ്ങളുടെ ജീവിതകഥ വിവരിക്കുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ ഇടക്കിടെ നിറഞ്ഞു വന്നുവെങ്കിലും ആശ്വാസത്തിന്റെ പുഞ്ചിരി അല്പം പോലും കുറഞ്ഞില്ല. ഈ പുഞ്ചിരിയാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ വിജയവും. കട്ടപ്പന വെള്ളയാംകുടി കരിപ്പാത്തോട്ടത്തില്‍ ലീലാമ്മ ഭാസ്‌ക്കരന്‍ എന്ന അമ്മയ്ക്ക് തന്റെ ഭിിന്നശേഷിക്കാരനായ മകന്‍ സോജൂട്ടന്‍ എന്ന സോജനെ ചേര്‍ത്തു പിടിച്ച് സ്ഥല സൗകര്യമുള്ള പുതിയ വീട്ടില്‍ സ്വസ്ഥമായി ഇനിയുള്ള കാലംം കഴിയാം. കട്ടപ്പന നഗരസഭയില്‍ പി.എം.എ. വൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് പുതിയ വീട് ലഭിച്ചത്. വീടിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ താല്ക്കാലികമായി ഉണ്ടാക്കിയ ഒറ്റമുറി ഷെഡില്‍ സോജൂട്ടനുമായി കഴിഞ്ഞ ബുദ്ധിമുട്ടുകള്‍ ഈ അമ്മക്ക് ഓര്‍ക്കാനേ കഴിയുന്നില്ല. തപാല്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന ഭാസ്‌ക്കരനും ഭാര്യ ലീലാമ്മയ്ക്കും മൂത്ത രണ്ട് പൈണ്‍മക്കള്‍ക്കു ശേഷം ജനിച്ച ഏക ആണ്‍കുട്ടിയാണ് സോജന്‍. ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന കാര്യം അറിഞ്ഞപ്പോള്‍ ഇരുവരും ഏറെ സന്തോഷിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആറര മാസമായപ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ ജനിച്ചു. ഇരട്ട ആണ്‍മക്കളിലൊരാള്‍ അപ്പോള്‍ തന്നെ മരണമടഞ്ഞു. അതിജീവനം ശ്രമകരമായിരുന്നുവെങ്കിലും കുഞ്ഞു സോജനെ രക്ഷ്‌പെടുത്താന്‍ ഡോക്ടര്‍മാര്‍ ആകുന്നതെല്ലാം ചെയ്തു. ആ ശ്രമങ്ങളൊന്നും വിഫലമായില്ല. കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. മാസങ്ങളും വര്‍ഷങ്ങളും പിന്നിടുമ്പോള്‍ കുഞ്ഞു സോജന്റെ വളര്‍ച്ച സാധാരണ കുഞ്ഞുങ്ങളെ പോലെ അല്ലെന്നു മനസിലാക്കിയ അച്ഛനമ്മമാര്‍ അവനെയും കൊണ്ട് ചികിത്സിക്കാന്‍ ആശുപത്രികള്‍ കയറിയിറങ്ങി. ചെന്ന എല്ലായിടത്തെയും ഡോക്ടര്‍മാര്‍ക്കും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സോജന് ശാരീരിക മാനസിക വൈകല്യമാണ്, ഒപ്പം കാഴ്ചശേഷിയും ഇല്ല. ഭിന്നശേഷിക്കാരനായ മകനെ ചികിത്സിക്കാന്‍ അവര്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി പണം ചിലവാക്കി. നടക്കാന്‍ കഴിയാത്ത മകനെ യെടുത്ത് ആശുപത്രികളിലെത്തിക്കാനും ചികിത്സ നടത്താനുമായി അച്ഛന്‍ ജോലിയില്‍ നിന്നും സ്വയം വിരമിച്ചു. ദീര്‍ഘകാല ചികിത്സക്കു ശേഷം10 വയസിനു ശേഷമാണ് സോജന്‍ പിച്ചവച്ചു തുടങ്ങിയത്. ജീവിത ദുരിതത്തിനിടയില്‍ 15 വര്‍ഷം മുന്‍പ് സോജന്റെ പിതാവ് മരണമടഞ്ഞതോടെ രണ്ടു പെണ്‍മക്കളും ഭിന്നശേഷിക്കാരനായ മകനും ഉള്‍പ്പെടുന്ന കുടുംബം പുലര്‍ത്താന്‍ ഈ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. സ്വയം വിരമിച്ചതിനാല്‍
ഭര്‍ത്താവിന്റെ പെന്‍ഷന്‍ തുകയിനത്തില്‍ കിട്ടുന്ന കുറഞ്ഞ വരുമാനം കൊണ്ടാണ് പെണ്‍മക്കളെ പഠിപ്പിച്ചതും വീട്ടു ചിലവ് നടത്തിയതും. സോജനെ നോക്കാന്‍ എപ്പോഴും കൂടെ വേണമെന്നതിനാല്‍ പണിക്കു പോകാനും സാധിച്ചിരുന്നില്ല. എങ്കിലും കിട്ടുന്നതില്‍ നിന്നും സ്വരുക്കൂട്ടി വച്ച് പെണ്‍മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു.അമ്മയുടെ കൈകളിലും വീടിന്റെ ഭിത്തിയിലുമൊക്കെ പിടിച്ചു നടക്കുമെങ്കിലും കാഴ്ചയില്ലാത്ത സോജനിപ്പോഴും രണ്ടു വയസുകാരന്റെ ബുദ്ധി വളര്‍ച്ചയെ ഉള്ളൂ .
40 വര്‍ഷത്തോളം പഴക്കമുള്ളതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയതുമായ ചെറിയ വീട്ടില്‍ സോജനുമായി താമസിക്കുവാന്‍ അമ്മ ഏറെ പ്രയാസപ്പെട്ടു. പഴയ വീടിന്റെ കട്ടിളപ്പടിയില്‍ തട്ടിവീണ് സോജനെപ്പോഴും പരുക്ക് തന്നെ . കണ്ണൊന്നു തെറ്റിയാല്‍, വീടിനു പുറത്തെ ടോയ്‌ലറ്റില്‍ കൊണ്ടുപോകാന്‍ അല്പം താമസിച്ചാല്‍, സോജന്‍ തപ്പി തടഞ്ഞെത്തുക അടുക്കളയിലായിരിക്കും. അവിടെ തന്നെ കാര്യം സാധിക്കും. അലര്‍ജിയുള്ളതിനാല്‍ അല്പം പൊടിയടിച്ചാല്‍ ഉടന്‍ പനിയും ഫിറ്റ്‌സും ഉണ്ടാകും. സുഖമില്ലാത്തപ്പോള്‍ വീട്ടില്‍ ഉച്ചത്തിലുണ്ടാക്കുന്ന ബഹളം അയല്‍വാസികള്‍ക്കും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
സോജനു യഥേഷ്ടം നടക്കുവാനുള്ള ഇടവും ഉള്ളില്‍ ടോയ്‌ലറ്റ് സൗകര്യവുമുള്ള വീട് എന്നത് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ അത് മനസിലടക്കി കഴിയുമ്പോഴാണ് ലൈഫ് പദ്ധതി തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്കിയതെന്ന് ഈ അമ്മ പറയുന്നു. മൂന്നു മുറിയും അറ്റാച്ചഡ് ബാത്ത് റൂമും അടുക്കളയും ഹാളും സിറ്റൗട്ടും എല്ലാമുള്ള സുന്ദരമായ പുതിയ വീട്ടില്‍ താമസമാരംഭിച്ചതിന്റെ സന്തോഷത്തിലാണ് അമ്മയും സോജൂട്ടനും. ചെലവിനായി അച്ഛന്റെ പെന്‍ഷന്‍ പണത്തിനൊപ്പം സോജനുള്ള സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനും ലഭിക്കും. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചേച്ചിമാരും കുടുംബവും നല്കും.
അമ്മയെത്താന്‍ ഇത്തിരി താമസിച്ചാലും തന്റെ മുറിയോടു ചേര്‍ന്നുള്ള ബാത്ത് റൂം തുറക്കാന്‍ സോജൂട്ടനിപ്പോള്‍ അറിയാം. എവിടെയും തട്ടി വീഴാതെ ഓരോ മുറിയിലും കയറിയിറങ്ങാം. അലര്‍ജി ശല്യത്തിനും ആശ്വാസമായി. കൂടുതലൊന്നും അറിയില്ലെങ്കിലും പുതിയ വീട് ഇഷ്ടമായോ എന്ന ചോദ്യത്തിന് പെട്ടെന്ന് തന്നെ സോജൂട്ടന്റെ ഉത്തരമെത്തി ' സന്തോഷമായി ' , നിഷ്‌കളങ്ക ചിരിയോടെയുള്ള ആ സന്തോഷ മറുപടി കേട്ട് അമ്മയും മനസു നിറഞ്ഞ് ചിരിച്ചു കൊണ്ടു പറഞ്ഞു 'ഇനി ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂ.... '
- Log in to post comments