Skip to main content

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയേക്കാള്‍ മികച്ച സൗകര്യങ്ങള്‍ -മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയ്ക്കുള്ളതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍. ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി  2.29 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചികിത്സയേക്കാള്‍ രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുകയും കുടുംബാരോഗ്യ കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ ശാക്തീകരിക്കുകയും വേണം. ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ ഓരോ പഞ്ചായത്തും ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പാക്കണം. വീട്ടിലും നാട്ടിലും ശുചിത്വം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും ചേര്‍ന്ന് ആരോഗ്യ സംരക്ഷണ സേന രൂപീകരിക്കാന്‍ മുന്‍െൈകയടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 
പകച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും പുതിയ കാലത്ത് വലിയ വെല്ലുവിളിയാണ്. അതിനാല്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള രോഗ പ്രതിരോധ നടപടികളാണ് പ്രധാനം. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ഘട്ടത്തില്‍ തന്നെ  44 ഡയാലിസിസ് സെന്ററുകള്‍ തുടങ്ങി. എന്നാല്‍ വൃക്ക രോഗികളുടെ ആധിക്യം ഭയപ്പെടുത്തുന്നതായിരുന്നു. അതിനാലാണ് മുന്‍ കൂട്ടി പരിശോധന നടത്തി രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കാന്‍ ലക്ഷ്യമിട്ട് അമൃതം ആരോഗ്യം പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയിലൂടെ ഇതിനകം ഒന്നരക്കോടി ജനങ്ങളുടെ ദേഹപരിശോധന നടത്തി. ആശുപത്രികളുണ്ടാക്കുന്നതിനൊപ്പം രോഗപ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനകം ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹ്യദമാക്കാനും ഹൈടെക്കാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഭാരിച്ച സാമ്പത്തിക ചെലവില്ലാതെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, എന്‍.ആര്‍.എച്ച്.എം പ്രതിനിധി ഡോ. ഷിബുലാല്‍, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട്, ബ്ലോക്ക് പഞ്ചായത്തംഗം കെ പി റിസില, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പ്രമീള മാമ്പറ്റയില്‍, കെ കെ ജമീല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അലവി മുക്കാട്ടില്‍, പഞ്ചായത്തംഗങ്ങളായ മണ്ണില്‍ സൈതലവി, തറമ്മല്‍ മൊയ്തീന്‍ കുട്ടി, സംഘടന പ്രതിനിധികളായ സി.കെ ജനാര്‍ദ്ദനന്‍, ഷംസുദ്ധീന്‍, കുഞ്ഞിപ്പ ഹാജി തറയില്‍, എന്‍.കെ സിദ്ധീഖ്, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത സ്വാഗതവും ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം ജാനിഫ് നന്ദിയും പറഞ്ഞു.  
റെക്കോര്‍ഡ്  വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഒഴൂരിലേത്. എട്ട് മാസത്തിനുള്ളിലാണ് ഇവിടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
 

date