Skip to main content

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്: ഈ മാസം 20ന് കരട് വോട്ടര്‍പട്ടിക

കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക  തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങള്‍  ആരംഭിച്ചു. എറണാകുളം ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും കൊച്ചിനഗരസഭാ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം. തിങ്കളാഴ്ച നടന്ന ആദ്യഘട്ട പരിശീലനത്തില്‍ ആലുവ, പറവൂര്‍, കണയന്നൂര്‍, കൊച്ചി താലൂക്കുകള്‍ക്ക് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി്. ഈ മാസം 20ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. അടുത്തമാസം 14 വരെ കരട് പട്ടികയിലെ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കുമായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

 

കോതമംഗലം, മൂവാറ്റുപുഴ,  കുന്നത്തുനാട് താലൂക്കുകളിലെ വിവിധ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥാര്‍ക്കുമായുള്ള  പരിശീലനം ബുധനാഴ്ച നടക്കും. രാവിലെ 9ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനത്തിനായുള്ള രെജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് അഞ്ച് മണിവരെയാണ് പരിശീലനം. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജൂഡി വി.എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, കുട്ടമ്പുഴ വില്ലേജ് ഓഫീസര്‍ ജെയിസണ്‍ മാത്യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

date