വ്യവസായ മേഖലയിൽ വിവിധ പദ്ധതികളുമായി സിഡ്കോ
വ്യവസായത്തെ പുഷ്ടിപ്പെടുത്താനും വ്യവസായികളെ സംരക്ഷിക്കാനും വിവിധ പദ്ധതികളുമായി സിഡ്‌കോ രംഗത്ത്. വ്യവസായ അടിസ്ഥാന സൗകര്യ വിഭാഗത്തിന് കീഴിൽ 7 വ്യവസായ പാർക്കുകൾ, 17 വ്യവസായ എസ്റ്റേറ്റുകൾ, 36 മിനി വ്യവസായ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലായി 1500 ഓളം ചെറുകിട ഇടത്തരം ഉല്പ്പ്പാദന യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 10000 ത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ പ്രദാനം ചെയ്യുന്ന ഈ വിഭാഗത്തിന് കീഴിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ സിഡ്കോ ഇതാദ്യമായി നേരിട്ട് പണം മുടക്കുകയാണ്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി വ്യവസായ യൂണിറ്റുകളുടെ അനുബന്ധമായി കിടന്ന ഭൂമി അതാത് യൂണിറ്റുകൾക്ക് നിലവിൽ റെവന്യൂ നിശ്ചയിച്ചിട്ടുള്ള വിലക്ക് അനുവദിച്ചു നൽകി. അതിൽ നിന്നുള്ള വരുമാനത്തിന്റെ 50% വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണത്തിനായി ഉപയോഗിക്കും. ഇതിന്റെ ഭാഗമായി 1 കോടി മുപ്പത്തി മൂന്ന് ലക്ഷം രൂപയ്ക്കു തൃശൂർ ജില്ലയിലെ ഒല്ലൂർ സിഡ്കോ വ്യവസായ എസ്റ്റേറ്റും, 1 കോടി രൂപക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സിഡ്കോ വ്യവസായ എസ്റ്റേറ്റും നവീകരിച്ചു. ഒല്ലൂരിൽ എസ്റ്റേറ്റിന്റെ മെയിൻ ഗേറ്റുകൾ, സെക്യൂരിറ്റി ക്യാബിൻ റൂമുകൾ, ടോയ്‌ലറ്റ്, എ ടി എം, സി ഡി എം, വാട്ടർ ടാങ്ക്, ചുറ്റുമതിൽ, സൈനജ് ബോർഡുകൾ, ഡ്രൈനേജ് നിർമാണം, ലാൻഡ് സ്‌കേപ്പിംഗ്, ഇലക്ട്രിക്കൽ പണികൾ, ബൂം ബാരിയറുകൾ, സി സി ടി വി ക്യാമറകൾ ജനറേറ്റർ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. ഏറ്റുമാനൂരിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റി സെന്റർ, ഗേറ്റ് കോംപ്ലക്‌സ്, ഇന്റർലോക്ക് ടൈൽ പേവിങ്, പോസ്റ്റ് ഓഫീസ്, എ ടി എം എന്നിവയുടെ നിർമാണങ്ങളാണ് 1 കോടി രൂപയിൽ പൂർത്തീകരിക്കുക. ഇതിന്റെ ഉദ്ഘാടനം ഒല്ലൂർ എസ്റ്റേറ്റ് അങ്കണത്തിൽ വ്യവസായ-സ്‌പോർട്‌സ്-യുവജന കാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. ഗവ ചീഫ് വിപ് അഡ്വ കെ രാജൻ അധ്യക്ഷത വഹിച്ചു.
- Log in to post comments