സിറ്റി ഗ്യാസ്: പാചകവാതകം പൈപ്പ് വഴി വീടുകളിലേക്ക് ആദ്യമെത്തുക കൂടാളി പഞ്ചായത്തില്‍
പാചകവാതകം പൈപ്പ് കണക്ഷന്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യഘട്ടത്തില്‍ തുടങ്ങുക കൂടാളി പഞ്ചായത്തില്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഒഎജിപിഎല്‍ അധികൃതര്‍ അറിയിച്ചു. കൊച്ചി - മംഗളൂരു ഗെയില്‍ വാതക പൈപ്പ്‌ലെന്‍ പദ്ധതി യാഥാര്‍ഥ്യമാവുന്ന മുറയ്ക്കാണ് പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം (പിഎന്‍ജി - പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) കൂടാളി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലെയും വീടുകളിലേക്ക് വിതരണം ചെയ്യുക. ഗെയിലിന്റെ കൂടാളിയിലുള്ള സ്റ്റേഷനില്‍ നിന്ന്് ഇതിനാവശ്യമായ ഗ്യാസ് ഇതിന്റെ ചുമതലയുള്ള ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് (ഐഒഎജിപിഎല്‍) ലഭ്യമാക്കും. കണ്ണൂര്‍ ജില്ലയ്ക്കു പുറമെ, പാലക്കാട്, തൃശൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മാഹിയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസന്‍സ് ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് സംയുക്ത സംരംഭമായ ഐഒഎജിപിഎല്ലിനാണ്.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ പിഎന്‍ജി ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള പൈപ്പിടല്‍ നടപടിക്കുള്ള പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. റോഡിന് സമാന്തരമായി സ്ഥാപിക്കുന്ന എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീല്‍ പൈപ്പ് വഴിയാണ് കൂടാളി സ്റ്റേഷനില്‍ നിന്നും ഗ്യാസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക. ഈ പ്രധാന പൈപ്പില്‍ നിന്ന് പോളി എത്തിലീന്‍ പൈപ്പ് വഴി പാചകവാതകം വീടുകളിലെത്തും. കുടിവെള്ള കണക്ഷന്‍ മാതൃകയില്‍ വീട്ടുടമകളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഗ്യാസ് കണക്ഷന്‍ നല്‍കുക. ഉപയോഗത്തിന് അനുസരിച്ച് മാസത്തില്‍ പണം അടച്ചാല്‍ മതി. പൈപ്പ് വഴിയുള്ള പാചകവാതകം ഏത് സമയത്തും ലഭ്യമായിരിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. എല്‍പിജിക്കെന്ന പോലെ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട കാര്യമില്ല. പാതിവഴിയില്‍ ഗ്യാസ് തീര്‍ന്നുപോവുന്ന പ്രശ്‌നവും ഉദിക്കുന്നില്ല. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഗ്യാസ് ഉപയോഗിക്കാമെന്ന സൗകര്യവും ഇതിനുണ്ട്. എല്‍പിജിയെക്കാള്‍ ഭാരം കുറവാണെന്നതിനാല്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് സുരക്ഷിതത്വം കൂടുതലാണ്. സിലിണ്ടര്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ വായുവിനെക്കാള്‍ ഭാരം കൂടുതലാണെന്നതിനാല്‍ താഴ്ഭാഗത്ത് കെട്ടിനില്‍ക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. എന്നാല്‍ വായുവിനെക്കാള്‍ ഭാരം കുറഞ്ഞ പിഎന്‍ജി ചോര്‍ച്ചയുണ്ടായാല്‍ പെട്ടെന്നു തന്നെ മുകളിലേക്ക് ഉയര്‍ന്നുപോവുന്നതിനാല്‍ അപകടസാധ്യത കുറവാണ്. എല്‍പിജിയുടേതിന് സമാനമായ നിരക്കായിരിക്കും പൈപ്പ് കണക്ഷന്‍ വഴിയുള്ള ഗ്യാസിനും നല്‍കേണ്ടിവരിക.
കൂടാളിക്കു പുറമെ, കാസര്‍ക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ആദ്യഘട്ടത്തില്‍ തന്നെ പാചകവാതകം വീടുകളിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പാചകവാതകത്തിനു പുറമെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്)യും ഐഒഎജിപിഎല്‍ ഈ ജില്ലകളില്‍ വിതരണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട പെട്രോള്‍ പമ്പുകള്‍ വഴിയാണ് ഇത് വിതരണം ചെയ്യുക. സംസ്ഥാനത്ത് പിഎന്‍ജിയുടെയും സിഎന്‍ജിയുടെയും വിതരണം എറണാകുളത്ത് നേരത്തേ ആരംഭിച്ചിരുന്നു.
- Log in to post comments