ലൈഫ് ജില്ലാതല സംഗമം: യോഗം ചേര്‍ന്നു
ലൈഫ് ജില്ലാതല സംഗമത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. കണ്ണൂര്‍ കോര്പറേഷന്, ആന്തൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍, എടക്കാട്, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഗുണഭോക്താക്കളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് കെ വി സുമേഷ് പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഏവരുടേയും സഹകരണം ഉണ്ടാകണമെന്നും മുഴുവന്‍ ജനപ്രതിനിധികളും സംഗമത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 22ന് കലക്ടറേറ്റ് മൈതാനിയിലാണ് ലെഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം നടക്കുന്നത്. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ചടങ്ങില്‍ ആദരിക്കും. ഇതിന് പുറമെ പൊതുജനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ പവലിയനുകളും, പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് രഹിതമായി സംഗമം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 7652 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. ഒന്നാംഘട്ടത്തില്‍ 97 ശതമാനവും രണ്ടാംഘട്ടത്തില്‍ 85 ശതമാനവും വീടുകളാണ് പൂര്‍ത്തിയായത്. സാങ്കേതിക കാരണങ്ങളാലും മറ്റും പണി പൂര്ത്തിയാകാനുള്ളവയാണ് അവശേഷിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ എം രാമകൃഷ്ണന്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments