Skip to main content

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും: മന്ത്രി തിലോത്തമന്‍ 

 

 

ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വെളിയനാട് ബ്ലോക്ക് തല കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നേടികൊടുക്കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സ്വന്തം വീട് നേടികൊടുക്കുന്നതിലൂടെ കേരളത്തില്‍ എല്ലാവര്‍ക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്നം പൂര്‍ത്തിയാക്കുകയാണ്. സര്‍ക്കാരിന്റെ വിവിധ ജനകീയ പദ്ധതികള്‍ വഴി ജനങള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. വെളിയനാട് ബ്ലോക്കില്‍ 406 ഗുണഭോക്താക്കളാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ളത്.  

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍, ലൈഫ് മിഷന്‍ ജില്ല കോ- ഓര്‍ഡിനേറ്റര്‍ പി.പി ഉദയസിംഹന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം ഷഫീക്ക്, വെളിയനാട് ബി.ഡി.ഒ. ബി. രാധാകൃഷ്ണ പിള്ള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

date