Skip to main content

ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാവണം: മന്ത്രി കെ രാജു

ക്ഷീരമേഖലയില്‍ സ്വയം പര്യാപ്ത കൈവരിച്ച സംസ്ഥാനമായി കേരളത്തെ ഉടന്‍ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരും സംരംഭകരും നടത്തണമെന്ന് ക്ഷീരവികസന- വനം -മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളം ക്ഷീരോത്പാദനത്തില്‍ കൂടുതല്‍ മുന്നേറുകയാണ് ചെയ്തത്. ക്ഷീരസംരക്ഷണത്തില്‍ മലബാര്‍ മേഖല വളരെ മുന്നിട്ട് നില്‍ക്കുന്നു. ക്ഷീരമേഖല വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരും തദ്ദേശ സ്ഥാപങ്ങളും വിവിധതരത്തിലുള്ള ഇടപെടലുകളാണ് നടത്തിവരുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ തുക നല്‍കുകയും പാലുത്പന്നങ്ങള്‍ ഉണ്ടാക്കി അതില്‍ നിന്നുള്ള ലാഭം കൂടി കര്‍ഷകര്‍ക്ക് നല്‍കാനും മില്‍മയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കാലിത്തീറ്റയുടെ വില വര്‍ദ്ധനവിന് പരിഹാരമായി തീറ്റപ്പുല്‍ കൃഷി ചയ്യുന്ന ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ക്ഷീരോല്പാദന രംഗത്തും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ കന്നുകാലി പ്രദര്‍ശന മത്സര വിജയികള്‍ക്കും വിവിധ മത്സര വിജയക്കള്‍ക്കുള്ള സമ്മാനദാനവും നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, സ്ഥിരം സമിതി അധ്യക്ഷന്‍ വി പി ഇസ്മായില്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ക്ഷീര വികസനവകുപ്പ്  ഡയറക്ടര്‍ എസ് ശ്രീകുമാര്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍, ക്ഷീരകര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ എം നാണു,
വിവിധ ക്ഷീര സംഘം പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ക്ഷീര കര്‍ഷകര്‍, സംരംഭകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ, കേരള ഫീഡ്‌സ് എന്നിവയുമായി സഹകരിച്ചായിരുന്നു സംഗമം സംഘടിപ്പിച്ചത്.  

 

date