കേരളത്തിന്റെ ഉയര്‍ച്ചക്ക് അടിസ്ഥാനമായത് സമഗ്ര കാര്‍ഷിക പരിഷ്ക്കാരം: മന്ത്രി തിലോത്തമന്
ആലപ്പുഴ: സമഗ്ര കാര്‍ഷിക പരിഷ്ക്കാരം നടപ്പാക്കിയതാണ് കേരളത്തിന്റെ ഉയര്‍ച്ചക്ക് അടിസ്ഥാനമായതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. ചേര്‍ത്തല നഗരസഭ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും അനുകൂല്യങ്ങളും എല്ലാവരിലേക്കും
എത്തിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ലൈഫ് മിഷന് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വന്തമായി വീടെന്ന ലക്ഷ്യ സാക്ഷാത്കാരത്തിലൂടെ ഓരോ മനുഷ്യരുടേയും സാമൂഹ്യ ജീവിതം അര്‍ത്ഥപൂര്‍ണമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചേര്‍ത്തല നഗരസഭ അധ്യക്ഷന്‍ വി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ നായര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സിന്ധു ബൈജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ. ഉണ്ണികൃഷ്ണന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന രാജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി.ഭാസി, ലൈഫ് മിഷന് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍, പ്രൊജക്റ്റ് ഓഫീസര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ പരിധിയില്‍ 839 ഗുണഭോക്താക്കള്‍ക്കാണ് ലൈഫ് വീടുകള്‍ ലഭിക്കുന്നത്. ഇതില്‍ 700ലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
- Log in to post comments