'വി കെയര്‍ കണ്ണൂര്‍' ജീവകാരുണ്യത്തിന് ജനകീയ കൂട്ടായ്മ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
സഹായമര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൈത്താങ്ങാകുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലുള്ള വി കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി വിപുലമായ ഫണ്ട് സമാഹരണത്തിന് തീരുമാനം. വി കെയര്‍ കണ്ണൂര്‍ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവനാളുകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും അര്‍ഹരായവര്‍ക്കെല്ലാം സഹായമെത്തിക്കുകയുമാണ് ലക്ഷ്യം. ഫണ്ട് സമാഹരണത്തിന്റെ ആദ്യപടിയായി ഫെബ്രുവരി രണ്ടാം വാരം മുഖ്യമന്ത്രിയടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയില്‍ വിപുലമായ പരിപാടി നടത്താനും തീരുമാനിച്ചു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വി കെയര്‍ പദ്ധതി അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപസമാഹരണം നടത്തുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് കൂടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ ജില്ലയിലെ മുഴുവനാളുകളില്‍ നിന്നും കഴിയാവുന്ന തുക ശേഖരിച്ച് പദ്ധതിയിലേക്ക് നല്‍കാനാണ് ആലോചന. ഇതിനായി കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
വലിയ ചെലവ് വരുന്ന ശസ്ത്രക്രിയയും കൃത്രിമ അവയവങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളുമാണ് വി കെയര്‍ പദ്ധതിയിലൂടെ ചെയ്യുന്നത്. സഹായ ഉപകരണങ്ങളും പദ്ധതി വഴി നല്‍കുന്നുണ്ട്. സഹായം ആവശ്യമായവര്‍ ഏറെയായതിനാല്‍ സര്‍ക്കാരില്‍ നിന്നും പദ്ധതി വിഹിതമായി അനുവദിച്ച് കിട്ടുന്ന തുക അപര്യാപ്തമാണെന്നും വി കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് കൈതാങ്ങാകാന്‍ സന്‍മനസ്സുള്ള സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ജനങ്ങളുടെയും നിര്‍ലോപമായ സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനപേക്ഷിച്ച് ദിവസവും ആയിരത്തിലധികം അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആവശ്യമായ പണമില്ലാത്തതിനാല്‍ പലര്‍ക്കും സഹായമെത്തിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ സഹജീവികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാം ഓരോരുത്തരും രംഗത്തെത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈകാലുകള്‍, ശ്രവണ സഹായികള്‍, വീല്‍ ചെയര്‍ മുതലായവയും വി കെയറിലൂടെ നല്‍കിവരുന്നുണ്ട്. ഹൃദയം, വൃക്ക, കരള്‍, അസ്ഥിമജ്ജ, ഇടുപ്പെല്ല്, കാല്‍മുട്ട് തുടങ്ങി വന്‍ തുക ചെലവ് വരുന്ന അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്ത്രക്രിയകളും അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സകളും വരെ വി കെയറിലൂടെ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 37 കോടിയുടെ സഹായമാണ് ഇത്തരത്തില്‍ ലഭ്യമാക്കിയത്.
സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്യുന്നതിനൊപ്പം അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്. വി കെയര്‍ വെബ് സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ധനവിനിയോഗമടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കാനുള്ള സംവിധാനവും ഉണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ. പ്രകാശന്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലയിലെ ബാങ്ക്, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments