Skip to main content

പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് അനുമതിയില്ല

പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ വില്ലേജിൽ വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ തൃശൂർ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) നിരസിച്ചു. എറണാകുളം ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന്റെ നിർദേശ പ്രകാരം അപേക്ഷകന്റെ പേരിൽ പെസോയുടെ എൽ.ഇ-3 ലൈസൻസോടുകൂടിയ മാഗസിൻ ഉണ്ടായിരിക്കണമെന്നും വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പെസോ അനുവദിച്ച ലൈസൻസ് വെടിക്കെട്ട് നടത്തിപ്പുകാരന് ഉണ്ടായിരിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകർക്കും വെടിക്കെട്ട് നടത്തിപ്പുകാർക്കും പെസോയുടെ അംഗീകാരം ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ, അപേക്ഷയിൽ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവയുൾപ്പെടെയുള്ള വെടിക്കെട്ട് സാമഗ്രികൾക്കാണ് അനുമതി ആവശ്യപ്പെട്ടത്. ഇവയ്ക്ക് അനുമതി നൽകാൻ പെസോ നിർദേശ പ്രകാരം നിർവാഹമില്ലെന്നും എ.ഡി.എം അറിയിച്ചു. ഈ സാഹചര്യത്തിൽ, വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് എറണാകുളം ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് നൽകിയ നിബന്ധനകൾ പാലിക്കുന്നതിന് അപേക്ഷകന് സാധിച്ചിട്ടില്ലാത്തതിനാൽ വെടിക്കെട്ട് അപേക്ഷ നിരസിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കി. അനധികൃത വെടിക്കെട്ട് നടക്കാതിരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, തൃശൂർ സിറ്റി നടപടി സ്വീകരിക്കണമെന്നും എ.ഡി.എം നിർദേശിച്ചു.

date