Skip to main content

മെട്രോ നഗരം ലക്ഷ്യം: ബസ് സ്റ്റാൻഡിന് പകരം ഹൈടെക് ബസ് ഹബ്ബ്

തൃശൂർ നഗരം പുതു വർഷത്തിൽ മെട്രോ നഗരം എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുന്നു. ഇതുവരെ കേട്ടു പഴകിയ വടക്കേ ബസ് സ്റ്റാൻഡ് എന്നതിന് പകരം ഇനി വടക്കേ സ്റ്റാന്റ് ഹൈടെക് ബസ് ഹബ്ബ് എന്നാണ് അറിയപ്പെടുക. 5 കോടി 50 ലക്ഷം രൂപ ചിലവിൽ ആറായിരം ചതുരശ്ര അടിയിലാണ് ഹബ്ബ് നിർമ്മിക്കുന്നത്. തൃശൂർ നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും പൊതു ജനങ്ങൾക്ക് ദൂര യാത്രക്കിടെ വിശ്രമിച്ച് അവരുടെ ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിനുമായി കോർപ്പറേഷനും സൗത്ത് ഇന്ത്യൻ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ബസ് ഹബ്ബിൽ ഒരുക്കിയിരിക്കുന്നത്. ഇന്റർലോക്ക് കട്ടകൾ പാകിയ പാർക്കിംഗ് ഏരിയ, ചുറ്റും ചെങ്കൽ മതിൽകെട്ട്, യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ, എൻക്വയറി, അനൗൺസ്‌മെന്റ് മുറി, നീളമേറിയ വരാന്ത, മെഡിക്കൽ സ്റ്റോർ, മിനി ക്ലിനിക്, മുലയൂട്ടൽ കേന്ദ്രം എന്നിവയെല്ലാം ഹബ്ബിന്റെ പ്രധാന ആകർഷണങ്ങളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും അംഗപരിമിതർക്ക് ഭിന്ന ശേഷി സൗഹൃദ ടോയ്ലറ്റും ഒരുക്കിയിട്ടുണ്ട്. ബസ് ഡ്രൈവർമാർക്ക് ചേംബർ, എ ടി എം കൗണ്ടർ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പ്, സ്റ്റേഷനറി ഷോപ്പ്, പ്രധാന കവാടത്തിലെ എൽ ഇ ഡി ലൈറ്റുകൾ എന്നിവ ബസ് ഹബ്ബിന്റെ മാറ്റ് കൂട്ടും. പ്രീ പെയ്ഡ് ടാക്സി ബൂത്തുകൾ, കിയോസ്‌കുകൾ, സ്റ്റോർ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ബുക്ക് ഷോപ്പുകൾ എന്നിവയും ഈ ഹൈ ടെക് ഹബ്ബിന്റെ ഭാഗമാകും. ബസ് ഹബ്ബിന് ആവശ്യമായ വൈദ്യുതി സൗരോർജ്ജ സംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുമെന്നതും ഈ ഹബ്ബിനെ നഗരത്തിലെ മികച്ച ബസ് ഷെൽട്ടറിൽ ഒന്നാക്കി മാറ്റും.

date