കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാത്യുവിന് കൈത്താങ്ങായി സര്‍ക്കാര്‍ വി കെയര്‍ പദ്ധതി വഴി 6.5 ലക്ഷം രൂപ അനുവദിച്ചു
കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമല സ്വദേശി മാത്യുവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി 6.5 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെയേറെ ചികിത്സാ ചെലവുള്ള മാത്യുവിന്റെ ദയനീയാവസ്ഥ അറിഞ്ഞാണ് ഈ സഹായം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ 18-നാണ് മാത്യുവിനെ കാട്ടാന ആക്രമിച്ചത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന ഇദ്ദേഹത്തിന്റെ കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കവേയാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ മാത്യുവിനെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആദ്യ ഒരാഴ്ച തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു. തുടയെല്ല്, ഇടുപ്പ്, നട്ടെല്ല്, മൂത്രാശയം, മലാശയം എന്നീ അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. മാത്യുവിന്റെ ജീവന്‍ നിലനിര്‍ത്താനായി മൂന്ന് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിനായി 4 ലക്ഷം രൂപ ചെലവായി. വീണ്ടും ശസ്ത്രക്രിയ ആവശ്യമാണ്. ഈയൊരു സാഹചര്യത്തിലാണ് മന്ത്രിയുടെ സഹായമെത്തുന്നത്.
ഈ വിഷയം അറിഞ്ഞ ഉടന്‍ തന്നെ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇടപെടുകയും മാത്യുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഉഷാ ഷാജിയുടെ അപേക്ഷ പരിഗണിച്ചാണ് മാത്യുവിന് മന്ത്രി സഹായം നല്‍കിയത്.
- Log in to post comments