ജയിൽ വികസന പ്രവർത്തനങ്ങളിൽ കേരളം ഒന്നാമത്: ഡി ജി പി ഋഷിരാജ് സിംഗ്
ജയിൽ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് ഡി ജി പി ഋഷിരാജ് സിംഗ്. ടി എൻ പ്രതാപൻ എം പി വിയ്യൂർ അതീവ സുരക്ഷ ജയിലിന് സമർപ്പിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവറയിൽ എത്തുന്നവർക്ക് ശിക്ഷ ലഭിച്ചവർ എന്നോ വിചാരണ തടവുകാർ എന്നോ വ്യത്യാസമില്ലാതെ തൊഴിൽ സാധ്യതാ പരിശീലനങ്ങൾ ഇവിടെ നൽകുന്നു. 35 കോടി രൂപയുടെ ജയിൽ ഉൽപ്പന്നങ്ങൾ വിറ്റ ഒരേ ഒരു സംസ്ഥാനവും, 60 ദിവസത്തിനുള്ളിൽ പരോൾ ലഭ്യമാക്കുന്ന സംസ്ഥാനവും കേരളമാണ്. വിവിധ ജില്ലകളിലെ 8 എം എൽ എമാർ വിവിധ ജയിലുകൾക്ക് ആംബുലൻസുകൾ വാങ്ങി നൽകുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
എംപി നൽകിയ പുസ്തകങ്ങൾ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സുനിൽ ലാലൂർ ഡി ജി പിക്ക് കൈമാറി. പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് പൂക്കൾക്ക് പകരം പുസ്തകങ്ങൾ എന്ന ആശയത്തിലൂടെ നേടിയ 2000ത്തോളം പുസ്തകങ്ങളാണ് എം പി ജയിലിന് നൽകിയത്. ഇതോടൊപ്പം ഷെൽഫുകളും റീഡിങ് ടേബിളുകളും സമ്മാനിച്ചു. കൗൺസിലർ വി കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, എഴുത്തുകാരായ കെ വേണു, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ ആശംസകൾ അർപ്പിക്കാനെത്തി. തൃശൂർ മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ, റീജിയണൽ വെൽഫെയർ ഓഫീസർ ലക്ഷ്മി കെ, അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് എ ജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments