Skip to main content
പുഴകളിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

പുഴകളിലെ മാലിന്യം നീക്കം ചെയ്യല്‍: തദ്ദേശ സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പ്രളയകാലത്ത് പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.  ഓരോ പ്രദേശത്തെയും മാലിന്യങ്ങള്‍ എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, എഞ്ചിനീയര്‍ തുടങ്ങിയവരടങ്ങുന്ന സംഘം  പുഴകള്‍ സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ സ്ഥലങ്ങള്‍ രേഖപ്പെടുത്തണം. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കുള്ള നിര്‍ദേശം.
അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് പ്രവൃത്തിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.  പുഴകളുടെ ഘടനയ്ക്ക് അനുസരിച്ച് മാലിന്യങ്ങള്‍ ഏത് രീതിയില്‍ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശിക്കാം. പഞ്ചായത്തുകള്‍ക്ക് സ്വന്തം നിലയിലോ പൊതുജന പങ്കാളിത്തത്തോടെയോ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയോ ഏജന്‍സികളെ ഏല്‍പ്പിക്കുകയോ ചെയ്യാം.
  പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍, മരങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാത്തത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതായും അടുത്ത മഴക്കാലത്ത് ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും യോഗത്തില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പറഞ്ഞു.
വളപട്ടണം പുഴയിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇത് ജില്ലയിലേക്ക് മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം എന്നീ പുഴകളിലെ മാലിന്യങ്ങളാണ് പ്രധാനമായും നീക്കം ചെയ്യേണ്ടത്. 7.60 കോടി രൂപയാണ് 54 പ്രവൃത്തികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒമ്പത് എണ്ണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

date