പ്രകൃതി ദുരന്ത സഹായത്തിന് സാമൂഹിക സന്നദ്ധസേന ജില്ലയില്‍ രൂപീകരിക്കും
എല്ലാവിധത്തിലുമുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്കു സഹായം എത്തിക്കുന്നതിനായി സാമൂഹികസന്നദ്ധ സേന രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 3.40 ലക്ഷം പേര് ഉള്‍പ്പെടുന്ന സേനയ്ക്കാണ് രൂപം നല്‍കുന്നത്. 100 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടാകും. 16നും 65നും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിക്കും സേനയില്‍ അംഗമാകാം. സേനാംഗങ്ങല്ക്കു പരിശീലനം നല്‍കാനായി ഒരു മുഖ്യപരിശീലകന്‍ ഉണ്ടാകും. സംസ്ഥാനതല സംവിധാനത്തിന് പുറമെ ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും ഉണ്ടാകും. സേനയില്‍ പങ്കെടുക്കുന്നവിദ്യാര്ത്ഥികള്ക്ക് അവരുടെ സേവനത്തിന് പ്രത്യേക സാക്ഷ്യപത്രം നല്‍കുന്നത് കൂടാതെ അവരുടെ പാഠ്യേതര പ്രവര്‍ത്തനമായി പരിഗണിക്കുന്നതുമാണ്. സാമൂഹിക സന്നദ്ധ സേനാംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ കേരള സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റി ആരംഭിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ജനുവരി 31നകം പേരു രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
ജില്ലയില്‍ അമ്പതു പരിശീലകരുണ്ടായിരിക്കും. ജില്ലയിലെ വ്യത്യസ്ത 10 കേന്ദ്രങ്ങളില്‍ ബാച്ചുകളായി സേനാംഗങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. സന്നദ്ധ സാമ്പത്തിക സഹായം ലഭ്യമാകുന്ന മുറയ്ക്ക് സേനാംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോമും മൊബൈല്‍ സിംകാര്‍ഡും നല്‍കും. ഫെബ്രുവരി 1 മുതല്‍ 28വരെയാണ് മുഖ്യ പരിശീലകര്‍ക്കുള്ള ജില്ലാതല ശില്പശാല.
- Log in to post comments