ഇവരുടെ സ്വപ്നം സഫലം: താങ്ങായത് ജില്ലാ കളക്ടർ
നാലു ചുവരുകൾക്കുളളിലെ അരണ്ട വെളിച്ചത്തിൽ നിന്ന് സാധ്യതകളുടെയും അവസരങ്ങളുടെയും ലോകത്തേക്ക് പുതിയൊരു ആത്മവിശ്വാസവുമായി പരസഹായമില്ലാതെ ഇറങ്ങുമ്പോൾ സീമ നന്ദി പറയുന്നത് ജില്ലാ കളക്ടർ എസ് ഷാനവാസിനോടാണ്. കാലുകൾക്കുളള ശാരീരിക പരിമിതി മൂലം വീട് ലോകമാക്കി കഴിയുകയായിരുന്നു, പോർക്കുളം കളത്തുപടി വീട്ടിലെ ഇരുപതികാരിയായ സീമ ഇതുവരെ. പുറത്തെ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരു യന്ത്രവൽകൃത വീൽചെയറുമായി സീമ ഇതുമുതൽ സഞ്ചരിച്ച് തുടങ്ങും. ഭിന്നശേഷിയുളളവർക്കായി ജില്ലാ കളക്ടർ എസ് ഷാനവാസ് ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം നൽകുന്ന മോട്ടോറൈസ്ഡ് വീൽചെയർ ഇന്ന് (ജനുവരി 23) സീമയ്ക്ക് കൈമാറും.
കൂലിപ്പണിക്കാരാനായ അച്ഛൻ മണികണ്ഠനും തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള ജോലികൾ ചെയ്യുന്ന അമ്മ സിന്ധുവും മകൾക്കായി ഒരു വീൽചെയറിന് ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടർ ആവിഷ്‌ക്കരിച്ച പദ്ധതിയിൽ സീമ ഉൾപ്പെട്ടത്. പ്ലസ് ടു തലം വരെ പരസഹായത്താടെ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും പിന്നീട് വീടിന് പുറത്തേക്കുളള സഞ്ചാരങ്ങൾ അധികമുണ്ടായില്ല. പിഎസ്‌സി പരീക്ഷപരിശീലനത്തിനായി ക്ലാസിൽ ചേരാൻ ആഗ്രഹിച്ചിരിക്കേയാണ് ജില്ലാ കളക്ടറുടെ സഹായഹസ്തമെത്തുന്നത്. ഇനി മറ്റാരുടെയും സഹായമില്ലാതെ ക്ലാസ്സിൽ പോകാൻ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് സീമ. ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കുന്ന മറ്റ് പദ്ധതികളിൽ ഉൾപ്പെടാത്തവരും തീർത്തും നിർദ്ധനരുമായ അംഗപരിമിതരെ സഹായിക്കുന്നതിനായി ജില്ലാ കളക്ടർ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരം നാല് പേർക്കാണ് മോട്ടോറൈസ്ഡ് വീൽചെയറുകൾ കൈമാറുക. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലൈഫ് മിഷൻ ജില്ലാസംഗമത്തിൽ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് വാഹനം കൈമാറും. മുട്ടത്തൊടി സ്വദേശി ശ്രീദേവി, വിയ്യൂർ സ്വദേശി അനന്തകൃഷ്ണൻ, പഴഞ്ഞി സ്വദേശി ജിഷ്ണു എന്നിവർക്കാണ് വീൽചെയറുകൾ നൽകുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകളുടെ സഹകരണത്തോടെയാണ് ജില്ലാ കളക്ടർ എസ് ഷാനവാസ് പദ്ധതി നടപ്പാക്കുന്നത്. ഒന്നിന് 55000 രൂപ വില വരുന്ന വീൽചെയറുകളാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെയും വീൽചെയർ അസോസിയേഷന്റെയും പരിശോധനയെ തുടർന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
- Log in to post comments