Skip to main content
ലൈഫില്‍ കൂടുകൂട്ടിയവരുടെ സന്തോഷങ്ങള്‍ പങ്കുവച്ച് പ്രദര്‍ശനം

ലൈഫില്‍ കൂടുകൂട്ടിയവരുടെ സന്തോഷങ്ങള്‍ പങ്കുവച്ച് പ്രദര്‍ശനം

തലചായ്ക്കാന്‍ സ്വന്തമായൊരിടം ലഭിച്ചതിന്റെ ചാരിതാര്‍ഥ്യം, സ്വപ്ന ഭവനം സ്വന്തമാക്കിയതിന്റെ സന്തോഷം, അടച്ചുറപ്പിന്റെ സുരക്ഷിതത്വം, ഓരോ മുഖങ്ങളിലും നിറഞ്ഞ പുഞ്ചിരി.... ലൈഫിന്റെ നിറക്കാഴ്ചകളിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഒരുക്കിയ ലൈഫ് ഗുണഭോക്താക്കളുടെ ഫോട്ടോ പ്രദര്‍ശനം. ലൈഫ് ജില്ലാതല കുടുംബ സംഗമത്തിന്റെ ഭാഗമായാണ് കലക്ടറേറ്റ് മൈതാനിയില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ രണ്ട് ഘട്ടങ്ങളിലായി 7934 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ ഇതിനോടകം വീടുകള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂരിന് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള 50 ഓളം ലൈഫ് ഗുണഭോക്താക്കളുടെ ചിത്രങ്ങളും  പ്രദര്‍ശനത്തിനുണ്ട്. ഇതിനൊപ്പം സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളും ജില്ലയിലെ സര്‍ക്കാരിന്റെ ശ്രദ്ധേയ ഇടപെടലുകളും ലഘു കുറിപ്പുകളോടെയുള്ള എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പി ആര്‍ ഡി സ്റ്റാളിന് പുറമെ ശുചിത്വമിഷന്‍, കുടുംബശ്രീ, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സ്റ്റാളുകളും കലക്ടറേറ്റ് മൈതാനിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാതൃകാ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, തൊഴുത്ത് നിര്‍മ്മാണം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മൃഗ സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ ഇടം പിടിച്ചപ്പോള്‍ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിനുമായാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. പച്ചക്കറികളുടെ ഗുണഫലങ്ങളും രോഗ ബാധയെ കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറോളം ജൈവ കീടനാശിനികളും മുളക്, വെണ്ട, വഴുതിന ചെടികളുടെ തൈകളും വില്‍പനയ്ക്കുണ്ട്. മത്സ്യക്കൃഷി, ചെറുകിട സംരഭങ്ങള്‍ തുടങ്ങാനുള്ള  നിര്‍ദ്ദേശങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ ഇടം പിടിച്ചത്.
പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയരക്ടര്‍ കെ എം രാമകൃഷ്ണന്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ലൈഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു.

date