Skip to main content

മലരണിക്കൂട്ടത്തെ കാണാന്‍ ജില്ലാ കലക്ടര്‍ എത്തി

കൊല്ലത്തിന്റെ  സാംസ്‌കാരിക പൈതൃകം പാറകളില്‍  ആലേഖനം ചെയ്ത് ശ്രദ്ധ നേടിയ ചെറുവക്കല്‍ പാറമുക്കിലെ മലരണി ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ജില്ലാ കലക്ടര്‍. മലരണി ആര്‍ട്‌സ് ക്ലബ്ബിന്റെ നാലാം വാര്‍ഷികത്തിനാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എത്തിയത്.
വലിയ തോതിലുള്ള മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു ചെറുവക്കല്‍ പാറക്കൂട്ടം. മലരണി ആര്‍ട്‌സ് ക്ലബ്   പ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെയാണ് ഇവിടം മാലിന്യമുക്തമായത്. ജില്ലയുടെ  പ്രതീകങ്ങളായ ചിന്നക്കട ക്ലോക്ക് ടവര്‍, തങ്കശ്ശേരി ലൈറ്റ് ഹൗസ്, പുനലൂര്‍ തൂക്കുപാലം,  ജഡായു  എന്നിവയുടെ ചിത്രങ്ങളാണ് പാറകളില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വരച്ചത്. ഇവയില്‍  കാഴ്ചക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് സേഫ് കൊല്ലത്തിന്റെ ലോഗോയാണ്.
പ്രകൃതിവിഭവ പരിപാലനത്തിനും സുരക്ഷിത കൊല്ലത്തിനും വേണ്ടിയുള്ള   യുവാക്കളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ മികച്ച മാതൃക തീര്‍ക്കുമെന്ന്   കലക്ടര്‍ പറഞ്ഞു.
വാര്‍ഷിക സമ്മേളനത്തില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര അധ്യക്ഷയായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, മലരണി ആര്‍ട്‌സ് ക്ലബ് രക്ഷാധികാരി അരുണ്‍ ഗണേശന്‍, മിഥുന്‍ മോഹന്‍, കെ പി ജയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാറകളില്‍ ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് ജോയി കൊട്ടാരക്കരയെ ജില്ലാ കലക്ടര്‍ ആദരിച്ചു.

date