മഴവില്‍-2020 അരങ്ങേറി പാട്ടും നൃത്തവും വരയുമായി കുട്ടികള്‍
പാട്ടും നൃത്തവും വരയുമായി ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവം മഴവില്‍-2020 അരങ്ങേറി. ലളിതഗാനം, ഉപകരണസംഗീതം, സംഘനൃത്തം ചിത്രരചന എന്നിങ്ങനെ 13 മത്സരങ്ങള്‍ രണ്ട് വേദികളിലായി നടന്നു. ജില്ലയിലെ 24 ബഡ്സ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്.
വിജയികള്‍ക്ക് മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. കലോത്സവത്തോടനുബന്ധിച്ച് പനയം ബി ആര്‍ സി സ്‌നേഹവീട് അന്തേവാസികള്‍ തയ്യാറാക്കിയ വിവിധ പേപ്പര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. വെട്ടിക്കവല ബി ആര്‍ സി യിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്.
കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ എസ് രമാദേവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി അരുണ്‍കുമാര്‍, അഡീഷണല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സബൂറ ബീവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനിയല്‍ ലിബിന്‍, ചിത്രകാരന്‍ ആര്‍ ബി ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments