സേഫ് കൊല്ലം; പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍
ജില്ലയുടെ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കാനായി ആവിഷ്‌കരിച്ച സേഫ് കൊല്ലം പദ്ധതിയുടെ പ്രതിജ്ഞ ചൊല്ലി വിദ്യാര്‍ഥികള്‍. സേഫ് കൊല്ലത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രതിജ്ഞയാണ് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ ഒരേ സമയം ഏറ്റു ചൊല്ലിയത്.
പദ്ധതിയുടെ ഭാഗമായി കുന്നിക്കോട് എ പി പി എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ സേഫ് കൊല്ലത്തിന്റെ പ്രസക്തിയേറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കാര്യക്ഷമമായി പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സേഫ് കൊല്ലം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി ജില്ലയെ സുരക്ഷിതമാക്കുന്നതിന് ശ്രമിക്കുമെന്നുമാണ് പ്രതിജ്ഞയുടെ ഉള്ളടക്കം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സേഫ് കൊല്ലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
റോഡ് സുരക്ഷ, ഭക്ഷ്യ-ജല സുരക്ഷ, പ്രകൃതി സംരക്ഷണം, സുരക്ഷിത ബാല്യം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കുട്ടികളിലൂടെ സേഫ് കൊല്ലത്തിന്റെ സന്ദേശം കുടുംബങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.
- Log in to post comments