സേഫ് കൊല്ലം കാമ്പയിന്‍; മാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി
ജില്ലയില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഫലപ്രദമായി ശാക്തീകരിക്കാന്‍ തൊഴിലുറപ്പിലൂടെ പദ്ധതികള്‍ വരുന്നൂ. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സ്ഥാപനം തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിക്കല്‍' അവലോകന പരിപാടിയിലാണ് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബി ഡി ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെതട്ടില്‍ സൃഷ്ടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശുചിത്വ-ഹരിത മിഷനുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ കമ്പോസ്റ്റ് പിറ്റ്, റിംഗ് കമ്പോസ്റ്റ്, ബയോ കമ്പോസ്റ്റ് തുടങ്ങിയവ ഉടന്‍ സ്ഥാപിക്കുമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ പറഞ്ഞു. ദ്രവമാലിന്യ പരിപാലനത്തിന് സോക്കേജ് പിറ്റുകളും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് വാര്‍ഡുതലത്തില്‍ എം സി എഫുകളും നിര്‍മിക്കണം.
ഓരോ വാര്‍ഡിലും മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കുന്നതിനുള്ള ഉപഭോക്താക്കളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന അതത് ഗ്രാമപഞ്ചായത്തുകള്‍ കണ്ടെത്തണം. ഒപ്പം എം സി എഫ് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലവും തീരുമാനിക്കണം. ഇതിനായി കര്‍മ്മപദ്ധതി രൂപീകരിക്കും.
ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി സുധാകരന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, തൊഴിലുറപ്പ് പദ്ധതി ജെ പി സി എ ലാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു
- Log in to post comments