Skip to main content

കോവിഡ് 19 കോവിഡിനെ പോസിറ്റീവായ്  നേരിടാന്‍  തൃക്കരുവയിലെ യുവനിര

കോവിഡ് 19  കേസുകള്‍ സ്ഥിരീകരിച്ച തൃക്കരുവ പ്രദേശത്തിന് ആശ്വാസമായി ഒന്‍പത് അംഗ യുവനിരയുടെ പ്രവര്‍ത്തനം. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ആഹാരം എത്തിക്കാനും വയോജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും മരുന്നെത്തിച്ചു കൊടുക്കാനും നാട്ടുകാര്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങി നല്‍കാനുമൊക്കെ ഇവര്‍ മുന്നിലുണ്ട്. ആശങ്കപ്പെട്ടിരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ പോസിറ്റീവ് ശക്തിയായി മാറുകയാണ് ഇവര്‍.
പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ജനങ്ങളെ സഹായിക്കേണ്ടവര്‍ എല്ലാം ഗൃഹനിരീക്ഷണത്തില്‍ ആയതോടെ സ്ഥിതിഗതികള്‍ ബുദ്ധിമുട്ടിലായിരുന്നു ഇവിടെ. ഈ സമയത്താണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ പൊതുജനങ്ങളെ സഹായിക്കാന്‍ യുവാക്കളുടെ ഒരു സന്നദ്ധ സംവിധാനം എന്ന ആശയം മുന്നോട്ടു വച്ചത്.  200 ല്‍ ഏറെ യുവാക്കള്‍ സന്നദ്ധരായി എത്തിയെങ്കിലും വീട്ടില്‍ പോകാതെ ക്യാമ്പ് ചെയ്യണം എന്ന നിബന്ധന വന്നതോടെ ഏറെപ്പേരും പിന്‍വാങ്ങി. സന്നദ്ധ പ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപഴകുന്നതിനാല്‍ വീട്ടിലേക്കുള്ള രോഗവാഹകര്‍ ആകാതിരിക്കാനായിരുന്നു സെക്രട്ടറിയുടെ നിര്‍ദേശം. ഒടുവില്‍ ഒന്‍പത് യുവാക്കള്‍ വീട്ടില്‍ പോകാതെ സേവനം ചെയ്യാന്‍ മുന്നോട്ട് വന്നു.  
ഇഞ്ചവിള സ്‌കൂളില്‍ 70 പേര്‍ക്കായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്റെ സേവനം തൊട്ടടുത്ത ദിവസം 170 ഏറെപ്പേരിലേക്ക് എത്തി.  നിലവില്‍ 315 പേര്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ആഹാരം നല്‍കുന്നത്. അരിക്കും മറ്റ് സാധനങ്ങള്‍ക്കും പഞ്ചായത്ത് ഫണ്ട് തികയാതെ വന്നതോടെ സ്പോണ്‍സറെയും കണ്ടെത്തി. ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ എല്ലാ  സുരക്ഷാ മുന്‍കരുതലുകളും എടുത്താണ് സേവനം ചെയ്യുന്നത്. ബൈജു ജോസഫ്, അനീഷ്, ബാബു, ലാല്‍, ശരണ്‍, പ്രവീണ്‍, അന്‍വര്‍, എബിന്‍, രതീഷ് എന്നിവരടങ്ങുന്ന ഒന്‍പതംഗ സംഘമാണ് അപൂര്‍വമായ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായി മാറിയത്.

 

date