കോവിഡ് 19 ഹാര്‍ബറുകളില്‍ നിയന്ത്രണങ്ങളോടെ മത്സ്യ വിപണനം മത്സ്യബന്ധനത്തിന് പരമ്പരാഗത വള്ളങ്ങളും കട്ടമരങ്ങളും മാത്രം
പരമ്പരാഗത വളളങ്ങളും കട്ടമരങ്ങളും ഒഴികെ കമ്പവല, തട്ടുമടി ഉള്‍പ്പെടെയുളള മറ്റെല്ലാ മത്സ്യബന്ധനങ്ങളും നിരോധിച്ചതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഹാര്‍ബറുകളില്‍ മത്സ്യ വിപണനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായി കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹാര്‍ബറുകളിലെ ലേലം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങള്‍ നാളെ (ഏപ്രില്‍ 4) മുതല്‍ മത്സ്യബന്ധനത്തിന് പോയാല്‍ മതിയെന്ന് തീരുമാനമായി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ന് (ഏപ്രില്‍ 3) ഹാര്‍ബറുകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തും.
മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന യാനങ്ങള്‍ തങ്കശ്ശേരി, വാടി, മൂതാക്കര, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം എന്നീ ലാന്റിംഗ് സെന്ററുകള്‍ കേന്ദീകരിച്ച് അടുപ്പിക്കണം. ഓരോ സംഘത്തിന്റെയും കീഴിലുളള വളളങ്ങള്‍ ആ സംഘത്തിന്റെ പരിധിയിലുളള ലാന്റിംഗ് സെന്ററുകളില്‍ മാത്രമേ അടുപ്പിക്കാന്‍ അനുവദിക്കുകയൂളളൂ. മത്സ്യത്തൊഴിലാളികള്‍ക്കുളള ബോധവത്കരണം അതത് പ്രാദേശിക സംഘങ്ങള്‍ വഴി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഓരോ ദിവസത്തെയും മത്സ്യ ഇനങ്ങളുടെ വില അതത് സെന്ററുകളിലെ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിക്കണം. മത്സ്യഫെഡ് വഴി പരമാവധി വിപണനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണം. നെത്തോലി, ചാള, അയല, കൊഴുചാള മുതലായ ചെറുമത്സ്യങ്ങളുടെ വില ഒരു കിലോയ്ക്ക് എന്നതിന് പകരം ഒരു കുട്ടയ്ക്ക് എന്നാക്കി നിശ്ചയിച്ച് വിപണനം നടത്തുന്നതിനുളള നടപടികളും സ്വീകരിക്കണം.
മത്സ്യം വാങ്ങുന്നതിനായി വരുന്ന ലോറികളുടെ പേര്, നമ്പര്‍ മുതലായവ നീണ്ടകര ഫിഷറീസ് സ്റ്റേഷന് പുറമേ കൊല്ലത്ത് വാടി ഹാര്‍ബര്‍ ഗേറ്റിന് സമീപവും രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ട് ലോറികള്‍ മാത്രമേ ഒരേ സമയം ലാന്റിംഗ് സെന്ററുകളില്‍ പ്രവേശിക്കാന്‍ പാടുളളൂ. ചെറുകിട കച്ചവടക്കാര്‍ക്ക് അവര്‍ കച്ചവടം ചെയ്യുന്ന സ്ഥലത്ത് അവരുടെ ആവശ്യാനുസരണം മത്സ്യം എത്തിക്കണം. ലാന്റിംഗ് സെന്ററുകളില്‍ ആള്‍ക്കാരുടെ പ്രവേശനം ക്രമീകരിക്കുന്നതിനായി വേലികെട്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഓരോ ലാന്റിംഗ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഫിഷറീസ്, റവന്യൂ ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, മത്സ്യഫെഡ് എന്നീ ഓഫീസുകളില്‍ നിന്ന് ഓരോ ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. ജോനകപ്പുറം ഒഴിച്ചുള്ള മറ്റ് നാല് ലേല ഹാളുകളിലും നാളെ (ഏപ്രില്‍ 4) മുതല്‍ രാവിലെ നാലു മണി മുതല്‍ രാവിലെ 10 മണി വരെ മാത്രമേ കച്ചവടത്തിന് അനുവദിക്കുകയൂളളൂ. ജോനകപ്പുറത്ത് പകല്‍ ഒരു മണി മുതല്‍ വൈകിട്ട് അഞ്ചുവരെയും വിപണനം നടത്താം.
തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷയും പിഴയും നടപ്പാക്കാന്‍ തീരുമാനിച്ചു. ഏതെങ്കിലും കേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നപക്ഷം 144 പ്രഖ്യാപിച്ച് മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കാന്‍ യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭാരവാഹികളുടെ സംയുക്ത യോഗ തീരുമാനങ്ങള്‍ ഫിഷറീസ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസിലാല്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, മത്സ്യഫെഡ് എം ഡി ഹരോള്‍ഡ് ലോറന്‍സ്, എ സി പി എ.പ്രതീപ്കുമാര്‍, കൗണ്‍സിലര്‍ ഷീബാ ആന്റണി, മത്സ്യഫെഡ് അംഗം സബീന സ്റ്റാന്‍ലി, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ബിജു ലൂക്കോസ്, സ്റ്റീഫന്‍, സുല്‍ഫി, ബിജു സെബാസ്റ്റ്യന്‍, ജെ ഷാജി, ആര്‍ റോബിന്‍, മത്സ്യ സഹകരണ സംഘം പ്രസിഡന്റുമാര്‍, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, റവന്യൂ, പോലീസ് വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments