കോവിഡ് 19 അതിഥി തൊഴിലാളികളുടെ ക്ഷേമം; ത്രിതല കമ്മിറ്റികള്‍ രൂപീകരിച്ചു
ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ത്രിതല നിരീക്ഷണ കമ്മിറ്റികള്‍ രൂപീകരിച്ചു.
ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായും സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവികളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അംഗങ്ങളുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
താലൂക്കുതലത്തില്‍ തഹസീല്‍ദാര്‍ ചെയര്‍മാനായും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കണ്‍വീനറും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.
മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തലത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മിറ്റിയാണ് രൂപീകരിച്ചത്. മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും പോലീസ് സബ് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനതല കമ്മിറ്റികളിലെ അംഗങ്ങള്‍ അവരവരുടെ പരിധിയിലുള്ള ക്യാമ്പുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ സന്ദര്‍ശിച്ച് ഭക്ഷണവും താമസവും പൊതുശുചിത്വ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്കുതല കമ്മിറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനം ദിനംപ്രതി നിരീക്ഷിച്ച് ജില്ലാതല കമ്മിറ്റിയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റി എല്ലാ സംവിധാനങ്ങളുടെയും നിരീക്ഷണം നടത്തും. നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാള്‍ സെന്റര്‍ സംവിധാനം, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് ജില്ലയിലെ എല്ലാ ക്യാമ്പുകളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിഥി തൊഴിലാകളികള്‍ക്ക് ആശയ വിനിമയം സുഗമമാക്കുന്നതിന് ഹിന്ദി/അസാമീസ്/ബംഗാളി/ഒറിയ ഭാഷാ പ്രാവീണ്യമുള്ളവരെ പരാതി പരിഹാര സംവിധാനത്തില്‍ പ്രയോജനപ്പെടുത്തും. ക്യാമ്പുകളില്‍ ആവശ്യമായ വിനോദ സൗകര്യങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായ സഹകരണത്തോടെ ഏര്‍പ്പെടുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കും.
- Log in to post comments