കോവിഡ് 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്ക്
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടുന്ന വയോജനങ്ങള്‍, സുരക്ഷിതമായ താമസസ്ഥലം ഇല്ലാത്തവര്‍ എന്നിവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കല്കടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരിക്കും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനത്തിന്റെ ചുമതല. ഹെല്‍പ്പ് ഡെസ്‌ക്ക് തുടക്കത്തില്‍ ഓഫീസ് സമയത്തും പിന്നീട് ആവശ്യമായി വന്നാല്‍ അധികസമയവും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ക്രമീകരിക്കും. വാട്‌സ് ആപ്പ് ഉള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ഫോണ്‍ നമ്പരുകള്‍ ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഉണ്ടാകും. ഹെല്‍പ്പ് ഡെസ്‌ക്ക് പൂര്‍ണമായും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് വേണ്ടി മാത്രമായിരിക്കും.
ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനത്തിന്റെ ഫീല്‍ഡുതല ഉത്തരവാദിത്വം വാര്‍ഡുതല സമിതികള്‍ക്കായിരിക്കും. ഫീല്‍ഡ് തലത്തിലുള്ള ഏകോപനം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, സന്നദ്ധ ഗ്രൂപ്പുകള്‍ എന്നിവയിലൂടെ നടപ്പാക്കും. ഒരോ വാര്‍ഡുതല സമിതിയിലും ഒരു സെല്‍ഫോണ്‍ കോവിഡുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനായി മാറ്റിവയ്ക്കും.
ഹെല്‍പ്പ് ഡെസ്‌ക്കിനെ ജില്ലാ കലക്‌ട്രേറ്റ്, സംസ്ഥാനതല കോവിഡ് വാര്‍ റൂം എന്നിവയ്ക്ക് പുറമേ ആരോഗ്യ വകുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ്, കമ്മ്യൂണിറ്റി കിച്ചണ്‍, ഐ സി ഡി എസ്, റേഷന്‍ വിതരണ സംവിധാനം, ആംബുലന്‍സ്, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നീ സേവനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കും.
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാക്കുന്ന ഫോണ്‍ നമ്പരുകള്‍ ഒരു സ്ലിപ്പില്‍ പ്രിന്റ് ചെയ്ത് സവിശേഷ പരിഗണന ആവശ്യമുള്ളവരുടെ വീടുകളില്‍ വ്യക്തമായി കാണുന്ന രീതിയില്‍ പതിപ്പിക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഏര്‍പ്പെടുത്തി. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ആശ്രയമില്ലാത്ത കിടപ്പുരോഗികള്‍, വീടില്ലാത്തവര്‍ എന്നിവരുടെ ചുമതല വാര്‍ഡിലെ ഒരാളെ എല്‍പ്പിക്കും. ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്ന് സഹായം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ട സേവനം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വാര്‍ഡുതലത്തിലും നല്‍കുന്ന ഓരോ സേവനവും രജിസ്റ്ററില്‍ വ്യക്തമായി രേഖപ്പെടുത്തി വിവരങ്ങള്‍ അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
കോവിഡിന്റെ സമൂഹവ്യാപനം തടയുന്നതിനാവശ്യമായ ഇടപെടലുകള്‍, സുരക്ഷയ്ക്കായുള്ള റിവേഴ്‌സ് ക്വാറന്റയിന്‍, ക്വാറന്റയിന്‍ സെന്ററുകളിലേക്ക് രോഗലക്ഷണമുള്ളവരെ മാറ്റിപാര്‍പ്പിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം നേരിട്ട് നല്‍കുന്ന സേവനങ്ങള്‍ സവിശേഷ പരിഗണന ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നവെന്ന ഉറപ്പുവരുത്തല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ ഏകീകരിക്കും.
- Log in to post comments