Skip to main content

കോവിഡ് 19 കേന്ദ്രത്തിന് സമര്‍പ്പിച്ച മത്സ്യത്തൊഴിലാളി പാക്കേജ് അടിയന്തരമായി പരിഗണിക്കണം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കോവിഡ് 19 മായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമ പാക്കേജ് അടിയന്തരമായി പരിഗണിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്ത 36.68 കോടി രൂപ തിരികെ ലഭിക്കുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണം.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് 1,15,668 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 23,833 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 2000 രൂപ വീതവും 85,170 അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപ വീതവുമാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 36.68 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ തുക സംസ്ഥാന സര്‍ക്കാരിന് തിരികെ നല്‍കുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
  ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കും ഇക്കാരണത്താല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രത്യേക പാക്കേജ് ഇതിനായി രൂപീകരിക്കേണ്ടതുണ്ട്. മത്സ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മേഖലയുടെ അഭിവൃദ്ധിക്കും മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയും ഓഖി സമയത്ത് തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക പാക്കേജ് അടിയന്തരമായി പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

date