Skip to main content

കോവിഡ് 19 അറിവും അവസരവും പകര്‍ന്ന് ഇത്തിക്കരയില്‍ 'സ്‌നേഹകൂട്ടായ്മ'

ലോക്ക് ഡൗണ്‍ കാലത്ത് ഭിന്നശേഷിയില്‍പ്പെട്ട കുട്ടികളുടെ സര്‍ഗ്ഗശേഷി പരിശീലനം ലക്ഷ്യമാക്കി ഇത്തിക്കര ഐ സി ഡി എസിന്റെയും ചാത്തന്നൂര്‍ ലൈഫ് സ്‌കില്‍സ് ബിവെറ്റ് സ്‌കൂളിന്റെയും നേതൃത്വത്തില്‍ വിഷുദിനത്തില്‍ ആരംഭിച്ച 'സ്‌നേഹകൂട്ടായ്മ'യെന്ന വാട്‌സാപ്പ് ഗ്രൂപ്പ് സജീവമാകുന്നു.
ഈ പ്രതിസന്ധിഘട്ടത്തില്‍ കരുതലും സംരക്ഷണവും അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇത്തരം കൂട്ടായ്മകളിലൂടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുമെന്ന്  ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു.
ഭിന്നശേഷിയില്‍പ്പെട്ട കുട്ടികളും അവരുടെ മാതാപിതാക്കളും മനഃശാസ്ത്ര വിദഗ്ധരും ഐ സി ഡി എസ് ജീവനക്കാരുമാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. സര്‍ഗ്ഗശേഷി പരിശീലനം, സ്വഭാവ രൂപീകരണം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി അക്കാഡമിക്‌സ്, യോഗ, ബിഹേവിയര്‍ തെറാപ്പി, ബ്രെയിന്‍ ജിം, റെമഡിയല്‍ ട്രെയിനിംഗ്, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം എന്നിവയാണ്  ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍.
ഉച്ചവരെയുള്ള സമയങ്ങളില്‍ കുട്ടികളുടെ  പാട്ട്, നൃത്തം, ചിത്രരചന, കരകൗശല നിര്‍മ്മാണം, അഭിനയം എന്നിവയുടെ ദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. രണ്ട് മുതല്‍ മൂന്ന് മണി വരെ  പരിശീലന ക്ലാസുകള്‍, ബോധവത്കരണം, സന്ദേശങ്ങള്‍ എന്നിവയും നാല് മണിക്ക് ശേഷം ഇവയെ സംബന്ധിച്ച  സംശയനിവാരണങ്ങളുമാണ് നടക്കുന്നത്. അങ്കണവാടികളിലെ രജിസ്‌ട്രേഷന്‍ വഴിയാണ് ഓരോരുത്തര്‍ക്കും അംഗത്വം ലഭിച്ചത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായ കൈകഴുകല്‍ അടക്കമുള്ള വ്യക്തിശുചീകരണത്തെ സംബന്ധിച്ച വീഡിയോ പോസ്റ്റിങ്ങിലൂടെയാണ്  കൂട്ടായ്മയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പേപ്പര്‍ വിശറികള്‍ പോലുള്ള കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചും മനോഹരമായ ചിത്രങ്ങള്‍ വരച്ചും യോഗ പരിശീലിച്ചും കുട്ടികള്‍ സജീവമായി കൂട്ടായ്മയുടെ ഭാഗമാകുന്നുണ്ട്. ഈ കാലയളവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച കലാസൃഷ്ടികള്‍ യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ലൈഫ്          സ്‌കില്‍സ് ബിവെറ്റ് സ്‌കൂള്‍ ഡയറക്ടര്‍ ജോണ്‍സ് കെ ലൂക്കോസ്, ഇത്തിക്കര ഐ സി ഡി എസ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്  പ്രൊജക്റ്റ് ഓഫീസര്‍ രഞ്ജിനി  എന്നിവര്‍  സ്‌നേഹകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
(പി.ആര്‍.കെ. നമ്പര്‍. 1162/2020)

 

date