Skip to main content

തൊഴിലുറപ്പ് പദ്ധതി: മെറ്റീരിയല്‍ പ്രവൃത്തികള്‍ക്ക്  പ്രാമുഖ്യം നല്‍കണമെന്ന് ദിശ യോഗം

    ജില്ലയില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത്തെ അവലോകനയോഗം ചേര്‍ന്നു. പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടുകൊണ്ടുപോകുവാന്‍ പി.കരുണാകരന്‍ എംപി യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  കേന്ദ്ര ഗ്രാമ വികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണവും പുരോഗതിയും വിലയിരുത്തുന്നതിനായുളള ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ്  കോ- ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) യോഗത്തിലാണ് തീരുമാനം. 
     വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍  സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന് എം.പി നിര്‍ദ്ദേശിച്ചു.  മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍, കൃഷി  തുടങ്ങി  വിവിധ വകുപ്പുകളുടെ പുരോഗതികള്‍ അവലോകനം ചെയ്തു.  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍  വി.കെ. ദിലീപ് സ്വാഗതം പറഞ്ഞു.  ഭൗതിക വിഭവ സമാഹരണത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് പിന്നിലാണെന്നും 90- 400 ലക്ഷം മിനിമം വിഭവ സമാഹരണം ആക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.    ജനപ്രധിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  മാര്‍ച്ച് 31 നകം തന്നെ ലക്ഷ്യം കൈവരിക്കുന്നതിനായുളള     തീവ്രശ്രമം നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.  
     കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ജില്ലാതല മഹാത്മാ പുരസ്‌കാരം നേടിയ മടിക്കൈ, പടന്ന എന്നീ ഗ്രാമ പഞ്ചായത്തുകളെയും സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി  നേടിയ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിനെയും യോഗം അഭിനന്ദിച്ചു.
 

date