Skip to main content

കോവിഡ് 19 ഹോട്ട് സ്‌പോട്ട് സര്‍വൈലന്‍സ്: കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം അടച്ചു

കോവിഡ് 19 ഹോട്ട് സ്‌പോട്ട് സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു. ട്രിപ്പിള്‍ ലെവല്‍ ഡിസ്ഇന്‍ഫെക്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമായി രണ്ടു തവണ ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തും. തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രകാരം ഹോസ്പിറ്റല്‍ കണ്ടെയ്ന്‍മെന്റ് പ്രോസസ് നടപ്പാക്കും.
വിവിധ സ്ഥലങ്ങളിലെ ആണുനശീകരണത്തിന് പ്രാധാന്യം നല്‍കും. വാഷ് റൂം, ടോയ്‌ലറ്റ്, കുളങ്ങള്‍ എന്നിവ അണുവിമുക്തമാക്കും. ആളുകള്‍ നിരന്തരം സ്പര്‍ശിക്കുന്ന മേഖലകളായ ഡോര്‍, ഹാന്‍ഡില്‍, റെയിലുകള്‍, മേശപ്പുറം, ഒ പി മുറി, ഭിത്തി, സിറ്റിംഗ് ഏരിയ,  വെയ്റ്റിംഗ് റൂം എന്നിവ അണുവിമുക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കും.  തുടര്‍ന്ന്  ആശുപത്രി സമാന്തര ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തനം പുനരാംരംഭിക്കും.
ആശുപത്രി വഴിയുള്ള സമൂഹ വ്യാപനം തടയുന്നതിനായി ജാഗ്രതാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പനി ലക്ഷണങ്ങള്‍,  ഇന്‍ഫ്‌ലുവന്‍സ പോലെയുള്ള അസുഖങ്ങള്‍, കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ( SARI    ) എന്നിവ പ്രത്യേകം പരിശോധിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍  ലൈന്‍ ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി ഉടനടി റെഫറല്‍ നടപടികള്‍ സ്വീകരിക്കും. വായുജന്യ രോഗങ്ങളുടെ പരിശോധന ശക്തമാക്കും. ഡോക്ടര്‍മാര്‍  കര്‍ശനമായും മാസ്‌ക് (എന്‍ 95/ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്) ഗ്ലൗസ് എന്നിവ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ധരിക്കണം.  
ആശുപത്രികളില്‍  അനാവശ്യമായ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്.  രോഗികള്‍ തമ്മില്‍ മൂന്നടി അകലം പാലിക്കണം. അവശ്യമുള്ളപക്ഷം പന്തല്‍ ഇടാവുന്നതാണ്. ആശുപത്രി പരിസരത്ത് തന്നെ കൈകഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആരും പൊതുസ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക്/തൂവാല ഉപയോഗിക്കണം. കൈ കഴുകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.  ഇവ സംബന്ധിച്ച ബോധവത്കരണ സന്ദേശങ്ങള്‍ ആശുപത്രി പരിസരത്തും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. ആശുപത്രിയില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും ഫ്‌ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് തെര്‍മല്‍ സ്‌കാനിങ് നടത്തും. നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ പ്രോത്സാഹിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1245/2020)
 

date