ജില്ലയില്‍ 79 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍
കോവിഡ്19-ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ചികിത്സാവകുപ്പ് നാഷണല്‍ ആയുഷ്മിഷനുമായി ചേര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. 79 ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ജില്ലയില്‍ ഉടനീളം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് ഭാരതീയ ചികിത്സാ വകുപ്പ്
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു താഴെയുള്ളവര്‍ക്കു ദിനചര്യ ലഘു വ്യായാമ മുറകളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള 'സ്വാസ്ഥ്യം' ഒ.പിയും 60 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി 'സുഖായുഷ്യം' ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആയുര്രക്ഷാക്ലിനിക്കുകളുടെ സുഗമമായ നടത്തിപ്പിനായി ഓരോ സ്ഥാപനങ്ങളിലും ആയുര്‍രക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ജില്ലാ പഞ്ചായത്തില്‍ നിന്നും 15 ലക്ഷം, ഡയറക്ടറേറ്റില്‍ നിന്നുമുള്ള 27.5 ലക്ഷം രൂപയും നാഷണല്‍ ആയുഷ്മിഷന്റെ 2 ലക്ഷം രൂപയും ഔഷധങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു പൊതുജനങ്ങള്‍ക്കായി പ്രതിരോധ മരുന്നും ആരോഗ്യ നിര്‍ദ്ദേശങ്ങളും നല്കി വരുന്നു. ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരോഗ്യപ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കി. ലോക്ഡൗണ്‍ കാലയളവിലെ മാനസിക സമ്മര്‍ദ്ദം ലഘുകരിക്കുന്നതിനുവേണ്ടി മാനസിക ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ടെലികൗണ്‍സിലിംഗ് നടത്തുന്നുണ്ട്.
ആളുകള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ടെലി കണ്സള്ട്ടേഷന് സംവിധാനവും ആരംഭിച്ചു.
ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകൃത സ്വഭാവത്തോടുകൂടി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ വിപുലപ്പെടുത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷീബ അറിയിച്ചു.
- Log in to post comments