Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഹോട്ട് സ്പോട്ടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കമ്പി വില്‍പന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി

 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമ പഞ്ചായത്തുകളുമാണ് നിലവില്‍ ഹോട്ട് സ്പോട്ടുകളായുള്ളത്. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, കാലടി, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍. നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്‍പ്പെട്ട പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി.

ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പുറമെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ കമ്പി വില്‍പന കേന്ദ്രങ്ങള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി നല്‍കി. സിമന്റ് കടകള്‍ പ്രവര്‍ത്തിക്കുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കമ്പി വില്‍പന കേന്ദ്രങ്ങള്‍ക്കും ഉപാധികളോടെ പ്രവര്‍ത്തിക്കാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും കര്‍ശനമായി പാലിക്കണം. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

date