കോവിഡ് 19 ചാത്തന്നൂരില്‍ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിവരണ ശേഖരണത്തിന് ഗൂഗിള്‍ ഷീറ്റും
വ്യക്തി സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടു തന്നെ വിവരശേഖരണത്തിനായി ആരോഗ്യ വകുപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ഗൂഗിള്‍ ഷീറ്റും ഉപയോഗപ്പെടുത്തും. ചാത്തന്നൂര്‍ കോവിഡ് ഹോട്ട് സ്‌പോട്ട് ആയ സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനാണ് നടപടി. കേസുകള്‍ അതിവേഗം കണ്ടെത്തുന്നതിനും ഇത് സഹായകരമാണ്.
ചാത്തന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റയിനില്‍ ആയതിനാല്‍ കോവിഡ് സ്‌ക്വാഡില്‍ രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ചു വീതം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, 20 ആര്‍ ബി എസ് കെ നഴ്‌സുമാര്‍ എന്നിവരടങ്ങിയ സമാന്തരസംഘം പ്രവര്‍ത്തിക്കും. ഇവര്‍ ഗൂഗിള്‍ ഷീറ്റ് വഴി ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് രോഗലക്ഷണമുള്ളവരെ സാമ്പിള്‍ പരിശോധനയ്ക്ക് തിരഞ്ഞെടുക്കും. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 8,000 പേരുടെ വിവരങ്ങളാണ് ശേഖരിക്കുകയാണ് ആദ്യഘട്ടം.
ഇവരെ ടെലിഫോണ്‍ വഴി ബന്ധപ്പെടുന്നതിന് മീനാട് വില്ലേജിലെ 42 മുതല്‍ 60 വരെയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വാട്ട്‌സ്ആപ് കൂട്ടായ്മയുടെ സേവനവും ഉപയോഗപ്പെടുത്തും. ടീം കലക്ടര്‍ കൊല്ലം കോവിഡ് സ്‌പെഷല്‍ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ ഐ ഇ സി മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം നാരായണന്‍ ഓണ്‍ലൈന്‍ സര്‍വെക്ക് നേതൃത്വം നല്‍കും.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ചാത്തന്നൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ആവശ്യമെങ്കില്‍ സാമ്പിള്‍ ശേഖരണ കേന്ദ്രവും ആരംഭിക്കും. ഏപ്രില്‍ അഞ്ചിനും പത്തിനുമിടയില്‍ ചാത്തന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയവരും പനി, ചുമ ലക്ഷണങ്ങളുള്ള പ്രദേശവാസികളും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. പോസിറ്റീവ് കേസുകളുടെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കക്കാരുടെ ഹൈ റിക്സ്, ലോ റിക്സ് വിഭാഗങ്ങള്‍ പ്രത്യേകം കണ്ടെത്തി. ഇവരുടെ സാമ്പിള്‍ ശേഖരണം ഉടന്‍ പൂര്‍ത്തിയാകും. ഹൈ റിസ്‌ക്കില്‍പ്പെട്ടവര്‍ 28 ദിവസവും ലോ റിസ്‌ക്കില്‍പ്പെട്ടവര്‍ 14 ദിവസവും നിര്‍ബന്ധിത ഗൃഹനിരീക്ഷണത്തില്‍ ഏര്‍പ്പെടണം.
ചാത്തന്നൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം അണുനശീകരണ പ്രക്രിയയ്ക്കു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും. സൗകര്യപ്രദമായ കെട്ടിടത്തില്‍ ആശുപത്രി സംവിധാനം ജോലി ക്രമീകരികരണത്തിലൂടെ ആരംഭിച്ചു.
പരിസരപ്രദേശത്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ ആരോഗ്യബോധവത്കരണം നടത്തിയിട്ടുണ്ട്. ഫീല്‍ഡില്‍ പോകുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരും ക്യത്യമായ വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1258/2020)
- Log in to post comments