Skip to main content

സമുദ്ര മത്സ്യത്തൊഴിലാളി ആശ്വാസധനം: ലഭിക്കാത്തവർ രജിസ്റ്റർ ചെയ്യണം

സമുദ്രമത്സ്യത്തൊഴിലാളികൾക്കുളള ആശ്വാസ ധനസഹായം ലഭ്യമാകാത്തവർ രേഖകളുമായി മത്സ്യഭവൻ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ കുടുംബരജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം.
കേരളത്തിൽ ഒൻപതു തീരപ്രദേശ ജില്ലകളിൽ സമുദ്ര മത്സ്യബന്ധനത്തൊഴിലാളികൾക്ക് സർക്കാർ ഒരു കുടുംബത്തിന് 2000 രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് വിതരണം ചെയ്തുവരികയാണ്. ഇതിനകം ഒരുലക്ഷത്തിലധികം കുടുംബങ്ങൾക്ക് ധനസഹായം ലഭിച്ചു. 15000 ത്തോളം കുടുംബങ്ങളുടെ ധനസഹായം ട്രഷറിയിൽ നിന്നും ബാങ്കുകളിലേയ്ക്ക് അനുവദിച്ചെങ്കിലും ബാങ്കുകളിൽ നിന്നും ഈ ധനസഹായം ബന്ധപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് ശേഖരിച്ച ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളിൽ വന്ന അവ്യക്തതയോ, ഇനിയും മത്സ്യത്തൊഴിലാളി കുടുംബരജിസ്ട്രിയിൽ ( FIMS ) വിവരങ്ങൾ കൃത്യമായി നൽകാതിരുന്നതുമൂലമോ ആകാം ഇത്തരത്തിൽ സംഭവിച്ചത്.  ഈ അസൗകര്യം ഒഴിവാക്കുന്നതിനും തുക ലഭ്യമാകാത്തവരായ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാൻ ഇനിയും ലഭിക്കാത്തവർ അവരവരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, ആധാർകാർഡ് എന്നിവയുടെ അസ്സലും പകർപ്പും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിലോ, ജില്ലാ ഫിഷറീസ് ഓഫീസിലോ ഹാജരാക്കി  FIMS  ൽ രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഡയറക്ടർ അഭ്യർത്ഥിച്ചു.
പി.എൻ.എക്സ്.1637/2020

date