Skip to main content
രാജകുമാരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്  മാസ്‌ക്  നല്‍കി മാസ്‌ക് വിതരണ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്യുന്നു.

എല്ലാ വീടുകളിലും മാസ്‌ക്;  സൗജന്യ മാസ്‌ക് വിതരണവുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിന്  പിന്നാലെ വീടുകള്‍ തോറും മാസ്‌ക് എത്തിച്ചു നല്‍കുന്ന തിരക്കിലാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍.  പഞ്ചായത്തിലെ മുഴുവന്‍  വീടുകളിലും മാസ്‌ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'മുഖമേതായാലും മാസ്‌ക് മുഖ്യം' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജകുമാരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13 വാര്‍ഡുകളിലുമായി 7000ത്തോളം കുടുംബങ്ങളിലായി ഇരുപതിനായിരത്തോളം പേര്‍ക്കാണ് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന തയ്യാറാക്കിയ കോട്ടണ്‍ മാസ്‌കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലുള്ളതാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍  കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാസ്‌കുകള്‍ വീടുകളിലെത്തിച്ച് നല്‍കും. ഗ്രാമപഞ്ചായത്തിനൊപ്പം  ബാങ്കുകള്‍, സന്നദ്ധസംഘടനകള്‍, നിരവധി വ്യക്തികളും പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്.
 മാസ്‌ക് വിതരണ ക്യാമ്പെയ്ന്‍  രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ജയമോള്‍ ഷാജി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ  കെ.കെ തങ്കച്ചന്‍, പി.പി ജോയി, സുമ സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി നിസ്സാര്‍ സി.എ  ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
 

date