ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിബന്ധനകള്‍ പാലിക്കണം; ലാഘവ മനോഭാവമരുത്- മന്ത്രി എ.കെ ബാലന്
ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയവര്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന് പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ബാലന്, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും മറ്റുള്ളവര്‍ ഹോം ക്വാറന്റൈനിലും കഴിയേണ്ടതാണ്. അതിര്‍ത്തിയില്‍ എത്തുന്ന എല്ലാവരുടെയും ശരീര താപനില പരിശോധിച്ചാണ് കടത്തിവിടുന്നത്. നിരീക്ഷണത്തില്‍ തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ ലാഘവത്തോടെ ഈ സാഹചര്യം കാണുന്നത് അപകടം വിളിച്ചുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിന് കൃത്യമായി രണ്ട് ജില്ലകളിലെ കലക്ടര്‍മാരുടെയും പാസുകള്‍ എടുക്കേണ്ടതാണ്. കൂടാതെ, പാസില്‍ പരാമര്‍ശിച്ചിരിക്കുന്ന സമയത്തും തീയതിയിലുമാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി വാളയാര്‍ ചെക്ക്പോസ്റ്റുകളില്‍ യാതൊരുവിധ യാത്രാരേഖകളും ഇല്ലാതെ എത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. ഇത് പാസെടുത്ത് കൃത്യമായ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരുന്നവരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും. അനുമതി ലഭിച്ചവരോടൊപ്പം പാസ് ലഭിക്കാത്തവര്‍ വരുന്ന പ്രവണത തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം ആളുകളെ യാതൊരു കാരണവശാലും ചെക്ക്പോസ്റ്റ് കടന്ന് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ നാല് വിഭാഗങ്ങളിലായി പൊലീസ് പരിശോധന ഉണ്ടാവും;
വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കും
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാളയാര്‍, ചന്ദ്രനഗര്‍, ആലത്തൂര്‍, വാണിയംപാറ എന്നീ പോയിന്റ്കളില്‍ പോലീസ് പരിശോധന ഉണ്ടാവുമെന്ന് മന്ത്രി എ.കെ ബാലന് അറിയിച്ചു. ഈ നാല് പോയിന്റുകളിലും പരിശോധനയ്ക്ക് വിധേയമായ വാഹനങ്ങളെ മാത്രമേ കടന്നുപോകാന്‍ അനുവദിക്കൂ. ഇതില്‍ റെഡ് സോണില്‍ നിന്നും വരുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ ചുവന്ന സ്റ്റിക്കറും ഗ്രീന്‍ സോണില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ പച്ച സ്റ്റിക്കറും പതിക്കും. ഇത് പോലീസിന് ഫലപ്രദമായി ഇടപെടുന്നതിനും വാഹനത്തിന്റെ സ്ഥിതി മനസ്സിലാക്കുന്നതിനു സഹായകമാകും.
നിരീക്ഷണ കേന്ദ്രങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സജ്ജം
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ ജില്ലയിലേക്ക് എത്തിത്തുടങ്ങിയതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ജില്ലയില്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ബാത്റൂം സൗകര്യങ്ങളോടെ 3537 പേര്‍ക്ക് നിരീക്ഷണ മുറികള്‍ ജില്ലയില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
മെയ് നാല് മുതല്‍ എട്ട് വരെ 2525 പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലക്കാടെത്തിയത്. ഇതില്‍ 1,288 പേര് റെഡ് സോണില്‍ നിന്നും വന്നവരാണ്. 1600 ഓളം പേര് മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വന്നവരാണ്. ഇവരെ കൃത്യമായി പരിശോധിച്ച് സര്‍ക്കാര്‍ ക്വാറന്റൈനിലും ഹോം ക്വാറന്റൈനിലും പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വാര്‍ഡ് തല സമിതികള്‍ ഏതു ഘട്ടത്തെയും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
ദിവസേന 1600 മുതല്‍ 1800 വരെ ചരക്ക് വാഹനങ്ങളാണ് ജില്ലയിലെ അതിര്‍ത്തികള്‍ കടന്നെത്തുന്നത്. ഈ വാഹനങ്ങളിലെ ഒന്നോ രണ്ടോ ജീവനക്കാര്‍ സഹിതം ചരക്കു ഗതാഗതവുമായി ബന്ധപ്പെട്ട് 3000 ഓളം ജീവനക്കാരും എത്തുന്നുണ്ട്. കൂടാതെ, 3000 ഓളം യാത്രക്കാരും എത്തുന്നുണ്ട്. ഈ വിഷയം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ നിബന്ധനകളും നിര്‍ബന്ധമായി പാലിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പൊലീസ്, എക്സൈസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിവിധ പരിശോധനകള്‍ക്ക് നേതൃത്വം നല്കിവരുന്നു.
വീട്ടില്‍ നിരീക്ഷണം നിര്ദേശിക്കപ്പെട്ടവര് നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ അല്ലാതെ വീട്ടില്‍ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ട 70 വയസ്സിലധികം പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. ഇവര്‍ വീട്ടില്‍ പൂര്‍ണ്ണമായും ക്വാറന്റൈനില്‍ ഇരിക്കേണ്ടതാണ്. മറ്റ് സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണം.
കേരള ജനതയുടെ അച്ചടക്കവും നിയന്ത്രണവും ലോകത്തിന് മാതൃക
കേന്ദ്ര സംസ്ഥാന നിബന്ധനകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ച് അപകടം മനസ്സിലാക്കി സ്വയം നിയന്ത്രിച്ചും അച്ചടക്കം പാലിച്ചും രോഗബാധിതരുടെ തോത് കുറച്ചതിലൂടെ കേരള ജനത ലോകത്തിന് കാണിച്ചത് മികച്ച മാതൃകയാണെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദിവസേന രോഗബാധിതരുടെ എണ്ണം കൂടുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ 6059 രോഗബാധിതരാണ് നിലവിലുള്ളത്. 40 പേര് മരണമടഞ്ഞു. അതേസമയം കേരളത്തില്‍ മികച്ച ബോധവത്ക്കരണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനായത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1295 അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി
ജില്ലയിലെ വിവിധ വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്ന 1295 അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. മെയ് ആറിന് ജില്ലയില്‍ നിന്നും ഒഡിഷയിലേക്ക് തിരിച്ച ആദ്യഘട്ട ട്രെയിനില്‍ 1208 പേരാണ് മടങ്ങിയത്. രണ്ടാഘട്ടത്തില്‍ 87 തൊഴിലാളികളെ നാഗപട്ടണത്തേക്ക് കെ.എസ്.ആര്.ടി.സി മുഖേനയും അയയ്ച്ചു. ജില്ലയിലെ വിവിധ കമ്പനികളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാനിരുന്ന 17000 ഓളം പേര് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നിലവില്‍ ജന്മനാടായ വെസ്റ്റ്ബംഗാള്, ബീഹാര്‍, ഒഡീഷ, യു.പി, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നവടങ്ങളിലേക്ക് മടങ്ങാന്‍ അത്യാവശമുള്ള 7208 പേരാണുള്ളത് . അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പോവാനുള്ള സൗകര്യം ഏര്‍പ്പാടാക്കും.
ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 49 പ്രവാസികള്‍:
വരുന്നതിനനുസൃതമായി നിരീക്ഷണകേന്ദ്രം സജ്ജം
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളില്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 49 പേര്. ഇതില്‍ 18 പേര് സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും ഒരാള്‍ കളമശ്ശേരിയില്‍ ക്രമീകരിച്ച ഐസലേഷന്‍ കേന്ദ്രത്തിലും ബാക്കിയുള്ളവര്‍ ഹോം ക്വാറന്റൈനിലുമായി തുടരുന്നു. ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 25000 പ്രവാസികളാണ്. നാല് വിമാനങ്ങളിലായി രണ്ടു ദിവസം കൊണ്ടാണ് 49 പേരാണ് ജില്ലയില്‍ എത്തിയത്. ഇനി വരാനുള്ള പ്രവാസികളെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ എത്തിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കും.
വിദേശത്ത് നിന്നെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്കി
റിയാദില്‍ നിന്നും മെയ് ഏട്ടിന് രാത്രി 10.30 ന് കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചിറ്റൂര്‍ സ്വദേശിനി പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. റിയാദില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന യുവതിയുടെ പ്രസവ തിയ്യതി മെയ് 22 ആയിരുന്നു. ഏട്ടിന് കരിപ്പൂര്‍ എത്തിയ ഇവര്‍ പുലര്‍ച്ചെ മൂന്നിന് ചിറ്റൂരിലെ വീട്ടില്‍ എത്തുകയും തുടര്‍ന്ന് വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45 ഓടെ ഡബ്ല്യൂ.എം.സിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ 11.45 ഓടെ സിസേറിയന് മുഖേന കുഞ്ഞിനെ പുറത്ത് എടുക്കുകയുമായിരുന്നു. 2.9 തൂക്കമാണ് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം 16 ന് പൂര്‍ത്തിയാകും
ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം മെയ് 16 ന് പൂര്‍ത്തിയാകും. ഇതുവരെ 98 ശതമാനം ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത്. നിലവില്‍ നീല കാര്‍ഡിലുള്‍പ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന സബ്സിഡി, നോണ്‍- സബ്സിഡി വിഭാഗക്കാര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍- മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധ നടത്തും
സെന്റിനല്‍ സര്‍വൈലന്‍സ് പ്രകാരം പുറത്തു നിന്ന് വരുന്ന വിമാനമത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍, ചെക്ക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വളണ്ടിയര്‍മാര്‍, ഫയര്‍ഫോഴ്സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധ നടത്തും. ഇതിനായി ആഴ്ചയില്‍ 50 പേരുടെ സ്രവങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് ദ്രുത പരിശോധനയ്ക്കായി അയയ്ക്കും.
അട്ടപ്പാടിയില്‍ മികച്ച ഇടപെടല്‍
അട്ടപ്പാടി ആദിവാസി മേഖലയിലും അതിര്‍ത്തി പ്രദേശങ്ങളിലും ആരോഗ്യം-പോലീസ്- എക്സൈസ്-ട്രൈബല്‍ വകുപ്പുകളുടെ മികച്ച ഇടപെടലുകള്‍ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാക്കിയതായി മന്ത്രി എ.കെ ബാലന് പറഞ്ഞു. ആദിവാസി മേഖലയില്‍ ആരോഗ്യ വകുപ്പ് നടപ്പാക്കിയ ബോധവത്ക്കരണ പരിപാടികള്‍, ഭക്ഷണം, ആരോഗ്യ മുന്കരുതലുകളില് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. മെയ് എട്ടിന് അട്ടപ്പാടി ഷോളയൂരില്‍ മരണപ്പെട്ടയാളുടെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കുള്ള നടപടി സ്വീകരിച്ചു. മരണപ്പെട്ട യുവാവിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒമ്പത് പേരുടെ സ്രവം പരിശോധിക്കും.
സംസ്ഥാനത്തിന് പുറത്ത് രോഗവ്യാപനമുള്ളതിനാല് ജാഗ്രതയും ശ്രദ്ധയും അനിവാര്യം
് ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് രോഗവ്യാപനമുള്ളതിനാല് ആശങ്കയുണ്ടെന്നും ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. റെഡ്സോണ്‍ മേഖലയില്‍ നിന്നും വരുന്നവര്‍ കൃത്യമായി സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇനിയും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി അറിയിച്ചു.
മഴക്കാല പൂര്‍വ പ്രവൃത്തികള്‍ ആരംഭിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഉണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മുന്നില്‍ക്കണ്ടുള്ള മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി മന്ത്രി എ.കെ ബാലന് അറിയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ പോക്സ്, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വാര്‍ഡ്തല- പഞ്ചായത്ത്തല സാനിറ്റേഷന്‍ സമിതി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ റിവ്യൂ കമ്മിറ്റി, ജില്ലാതല ഇവാലുവേഷന്‍ സമിതി തുടങ്ങിയ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്കി
മുടപ്പലൂര്‍ ശ്രീ. അഴികുളങ്ങര ഭഗവതി ദേവസ്വം ക്ഷേത്ര ജീവനക്കാര്‍ പിരിച്ചെടുത്ത ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ.കെ ബാലന്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം ജീവനക്കാരും സന്നിഹിതരായി.
പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ടി. വിജയന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments