സുഭിക്ഷകേരളം പദ്ധതി - മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ ആസൂത്രണ സമിതി
കാര്‍ഷിക മേഖലയില്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ ക്ഷാമം കണക്കിലെടുത്തും മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ ആസൂത്രണ സമിതിയുടെ യോഗം കോവിഡ് പ്രതിരോധ മാനദണ്ഡ പ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങളായ എം ശിവശങ്കര പിള്ള ടി ഗിരിജാ കുമാരി, എന്‍ രവീന്ദ്രന്‍, അഡ്വ ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. തദ്ദേശ ഭരണ വകുപ്പ് തലവന്‍മാരും സെക്രട്ടറിമാരും വീഡിയോ കോണ്‍ഫറന്‍സിലൂടെയും യോഗത്തില്‍ പങ്കെടുത്തു.
സുഭിക്ഷകേരളം പദ്ധതിക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയ്ക്കനുസൃതമായി ഭക്ഷ്യഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് ജില്ലയില്‍ കൃഷിയോഗ്യമായ മൊത്തം ഭൂമിയിലും പുതുതായി കൃഷി ഇറക്കാനും പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ രണ്ടുഘട്ടമായി 1,900 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ഇറക്കാനും അടുത്ത രണ്ടു വര്‍ഷം കൊണ്ട് 3,000 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള രൂപരേഖ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മത-സാമുദായിക സംഘടനകള്‍ എന്നിവയുടെ കൈവശമുള്ള തരിശു ഭൂമി കണ്ടെത്തി കൃഷി ചെയ്യുന്നതിന് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപടികള്‍ പുരോഗമിച്ചു വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. പദ്ധതിയിലൂടെ ജില്ലയ്ക്കുണ്ടാകുന്ന ഭൗതിക ലക്ഷ്യങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് യോഗം ചുമതല നല്‍കി.
പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഓരോ പഞ്ചായത്തിനും ഉതകുന്ന തരത്തില്‍ ഏത് സമയത്ത്, എന്ത് കൃഷി എന്ന രീതി തിരഞ്ഞെടുക്കാന്‍ പഞ്ചായത്ത് തലത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പ്രത്യേക പ്ലാന്‍ ശാസ്ത്രീയമായി തയ്യാറാക്കുകയും വാര്‍ഡ് തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണമെന്നും യോഗം തീരുമാനിച്ചു. മടങ്ങി വരുന്ന പ്രവാസികള്‍, യുവ കര്‍ഷകര്‍, യുവജന സംഘടനകള്‍ എന്നിവരെ കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാവണം പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി
ജില്ലയില്‍ ആവശ്യമായ തൈകളും വിത്തുകളും ഉത്പാദിപ്പിക്കുന്നതിനും പ്രാദേശികമായി കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്നതിനും കന്നുകാലി ലഭ്യത ഉറപ്പു വരുത്തുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പുതിയ മാര്‍ഗ രേഖ പ്രകാരം മെയ് 30 നകം സമര്‍പ്പിക്കണമെന്നും തുടര്‍ന്ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവ അടിയന്തിരമായി തുടങ്ങേണ്ടതാണെന്നും വെള്ളംകെട്ടി നില്‍ക്കുന്നതും മാലിന്യം അടിഞ്ഞു കൂടിയിട്ടുള്ളതുമായ പ്രദേശങ്ങള്‍ വൃത്തിയാക്കി പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൂടാതെ കോവിഡ് കെയര്‍ സെന്ററുകളില്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ നിരീക്ഷണം കൃത്യമായി നടത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
(പി.ആര്‍.കെ.നമ്പര്‍. 1440/2020)
- Log in to post comments