ജൈവഗൃഹം പദ്ധതി; സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
കര്‍ഷകരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തി സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ കീഴില്‍ സംയോജിത കൃഷിരീതിയിലൂടെ ജൈവഗൃഹം പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് സെന്റ് മുതല്‍ രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഗുണഭോക്താക്കളാകാം. നിലവില്‍ ഒന്നേ രണ്ടോ കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നിലവിലുള്ള സംരംഭങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പുതിയ കാര്‍ഷിക സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനും അതിലൂടെ കര്‍ഷകര്‍ക്ക് സ്വയംപര്യാപ്തത നേടുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പോഷകത്തോട്ടം, ഇടവിള കൃഷി, തീറ്റപ്പുല്‍കൃഷി, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, ജൈവ മാലിന്യ സംസ്‌കരണം, പുഷ്പകൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ജലസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായിരിക്കണം കൃഷി വികസിപ്പിക്കേണ്ടത്. ഓരോ ഗുണഭോക്താവും കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും ചെയ്തിരിക്കണം.
അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെ 30,000 രൂപയും 31 സെന്റ് മുതല്‍ 40 സെന്റ് വരെ 40,000 രൂപയും 41 സെന്റ് മുതല്‍ രണ്ട് ഹെക്ടര്‍ വരെ 50,000 രൂപയുമാണ് സാമ്പത്തിക സഹായമായി ലഭിക്കുക. കര്‍ഷകര്‍ക്ക് അടുത്തുള്ള കൃഷി ഭവനില്‍ മെയ് 29 വരെ അപേക്ഷ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 1473/2020)
- Log in to post comments