ഹയർസെക്കന്ററി, വി എച്ച് എസ് ഇ പരീക്ഷകൾ അവസാനിച്ചു; രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്നിന്
രണ്ടു മാസത്തെ കാത്തിരിപ്പിനുശേഷം ശേഷം മെയ് 26,27 തീയതികളിലായി ആരംഭിച്ച പ്ലസ് വൺ - പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ അവസാനിച്ചു. പ്ലസ് വൺ വിഭാഗത്തിൽ 97.9 ശതമാനവും പ്ലസ് ടു വിഭാഗത്തിൽ 98.8 ശതമാനവും വിഎച്ച്എസ്ഇ വിഭാഗത്തിൽ 99.6 ശതമാനവും പരീക്ഷയെഴുതി.
പ്ലസ് വൺ, വി എച്ച് എസ് ഇ പരീക്ഷകൾ രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് 12.30 വരെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്ക് 1.45 മുതൽ വൈകീട്ട് 4.30 വരെയുമായിരുന്നു. കണക്ക്, പൊളിറ്റിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി, കെമിസ്ട്രി, ജേർണലിസം എന്നീ വിഷയങ്ങളിലായാണ് അവസാന ദിന പരീക്ഷകൾ നടന്നത്. 199 കേന്ദ്രങ്ങളിലായി 69000 ഹയർസെക്കന്ററി വിദ്യാർത്ഥികളും 36 കേന്ദ്രങ്ങളിലായി 5020 വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർഥികളുമാണ് ജില്ലയിൽ പരീക്ഷ എഴുതാൻ തയ്യാറെടുത്തിരുന്നത്.
രണ്ടാംഘട്ട ഹയർസെക്കന്ററി, വി എച്ച് എസ് ഇ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിക്കും. അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ നേരിട്ട് ഹാജരാകും. മാർച്ച് മാസത്തിൽ പൂർത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് 18 ന് ആരംഭിച്ചിരുന്നു. പരീക്ഷകൾ പുനരാരംഭിക്കുന്നതിനാൽ, മെയ് 22 ന് ക്യാമ്പുകൾ വീണ്ടും നിർത്തിവെച്ചു. തൃശൂർ ഗവ മോഡൽ ബോയ്‌സ് സ്‌കൂൾ, തൃശൂർ ഗവ മോഡൽ ഗേൾസ് സ്‌കൂൾ, തൃശൂർ വിവേകോദയം ബോയ്സ് എച്ച് എസ് എസ്, അയ്യന്തോൾ എച്ച് എസ് എസ്, തൃശൂർ സേക്രഡ് ഹാർട്ട്, മാർത്തോമ്മാ എച്ച് എസ് എസ് എന്നിവിടങ്ങളിലായി ആറു ക്യാമ്പുകളാണ് ഹയർസെക്കന്ററിയുടെ മൂല്യനിർണയത്തിനായി ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്. തൃശൂർ ഗവ മോഡൽ ഗേൾസ്, അയ്യന്തോൾ എച്ച്എസ്എസ് എന്നിങ്ങനെ രണ്ട് ക്യാമ്പുകളാണ് വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്കായി അനുവദിച്ചിരിക്കുന്നത്. പരീക്ഷകൾ നടന്നതുപോലെ സാമൂഹിക അകലം പാലിച്ചു തന്നെയാണ് മൂല്യനിർണയ ക്യാമ്പുകളും സജ്ജീകരിച്ചിരിക്കുന്നത്.
- Log in to post comments