സുഭിക്ഷകേരളം പദ്ധതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
ഭക്ഷ്യോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുന്നതിനായി കൊല്ലം കോര്പ്പറേഷന് ഉള്‍പ്പെടെ 17 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഇതോടെ ജില്ലയിലെ 85 തദ്ദേശഭരണ സ്ഥാപനങ്ങളും സുഭിക്ഷകേരളം പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നേടി. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 148 കോടി രൂപയുടെ മൊത്തം അടങ്കല്‍ വരുന്ന തുകയ്ക്കുള്ള പ്രോജക്ടുകള്‍ 2020-21 വര്‍ഷത്തെ ഉല്പാദന മേഖലയില്‍ ഏറ്റെടുത്തിട്ടുണ്ട്.
കൊല്ലം കോര്പ്പറേഷന് കാര്‍ഷിക മേഖലയില്‍ 143.01 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയില്‍ 59.40 ലക്ഷം രൂപയും ക്ഷീരവികസന മേഖലയില്‍ 15 ലക്ഷം രൂപയും മത്സ്യവികസനത്തിനായി 12.30 ലക്ഷം രൂപയും ഉള്‍പ്പെടെ 229.71 ലക്ഷം രൂപയുടെ പ്രോജക്ടുകളാണ് സുഭിക്ഷകേരളം പദ്ധതിയ്ക്കായി പ്രത്യേകമായി ഏറ്റെടുത്തിട്ടുള്ളത്. 60 ഹെക്ടര്‍ തരിശുഭൂമി കൃഷിക്കായി 36 ലക്ഷം രൂപയും 5500 ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴി വിതരണത്തിനായി 59.49 ലക്ഷം രൂപയുടെ പ്രോജക്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നെല്ല്, പച്ചക്കറി, വാഴ, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുവിളകള്‍ എന്നിവയുടെ കൃഷിക്കായും മിനി ഡയറി യൂണിറ്റ് ആധുനികവത്കരണത്തിനും വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിക്കായും പ്രത്യേകം പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
ജില്ലയില്‍ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള 1909.36 ഹെക്ടര്‍ തരിശു ഭൂമിയില്‍ 1577.13 ഹെക്ടറില്‍ വിവിധ കൃഷി ചെയ്യുന്നതിനുള്ള പ്രോജക്ടുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏകദേശം 2500 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഒന്നാം ഘട്ടമായി നാലു ലക്ഷത്തില്‍പ്പരം തൈകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും രണ്ടാംഘട്ട വിതരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സുഭിക്ഷ കേരളം പദ്ധതിയുടെ സാങ്കേതിക സമിതി കണ്‍വീനറായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
സുഭിക്ഷകേരളം പദ്ധതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനുള്ള ബ്ലോക്ക്തല അവലോകന യോഗം ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും ജില്ലാതല ഉദ്യോഗസ്ഥരും ചേര്‍ന്ന് ജൂലൈ ആദ്യവാരം നടത്തുന്നതിന് തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങള്‍, സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 1709/2020)
- Log in to post comments