Skip to main content

കോവിഡ് മുക്തനായ രോഗി മരണപ്പെട്ടു

കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാള്‍ ഫലം നെഗറ്റീവായ ശേഷം മരിച്ചു. പെരിനാട് ഞാറയ്ക്കല്‍ സ്വദേശി ശശിധരന്‍പിള്ള(68) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ദുബായില്‍ നിന്നും ജൂണ്‍ 16 ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നടത്തിയ സ്രവ പരിശോധനയില്‍ 18ന് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ദുബായില്‍ ഏപ്രില്‍ 12 ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 21, 23, 25 തീയതികളില്‍ നടന്ന പരിശോധനാ ഫലം രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രമേഹമുള്‍പ്പടെ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായും ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നതായും പാരിപ്പള്ളി സര്‍ക്കാര്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. ജൂണ്‍ 21 ന് ശശിധരന്‍പിള്ളയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും 23 ന് രാത്രി 9.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിന്‍ സ്ഥിരീകരിക്കുന്നു. ജൂണ്‍ 22 ന് ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് 23 ന് വൈകിട്ട് ലഭിച്ച ഫലത്തില്‍ കോവിഡ് നെഗറ്റീവ് ആണെന്ന്  സ്ഥിരീകരിച്ചിരുന്നതായും ബുള്ളറ്റിനിലുണ്ട്
 (പി.ആര്‍.കെ നമ്പര്‍ 1712/2020)

date