ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി
കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ലുവാതുക്കല്‍ കൃഷി ഭവനില്‍ നടന്നു. കടമ്പാട്ടുകോണം വാര്‍ഡിലെ കര്‍ഷക കൂട്ടായ്മയായ ദേശം ഫാര്‍മേഴ്സ് ക്ലബിന് പച്ചക്കറിതൈകള്‍ നല്കി ജി എസ് ജയലാല്‍ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു അധ്യക്ഷയായി.
ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഒഴിവാക്കി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു തുറക്കുന്ന ഓണച്ചന്തകള്‍ വഴി നാടന്‍ പച്ചക്കറികള്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. ഇതിനുവേണ്ടി കര്‍ഷക ഗ്രൂപ്പുകളെ ചേര്‍ത്ത് പ്രവര്‍ത്തന സമിതി രൂപീകരിച്ചിട്ടുണ്ട്.
കുടുംബശ്രീ മിഷന്, സ്വയം സഹായക ഗ്രൂപ്പുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ വഴി വാര്‍ഡ് തലത്തില്‍ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി നല്‍കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയ പദ്ധതി വിശദീകരണം നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ബ്ലോക്ക് പഞ്ചായത്തംഗം എ സുന്ദരേശന്, കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എല്‍ രജനി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മോഹന്‍ ശങ്കര്‍, സുരേഷ്, ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ വി എന്‍ ഷിബുകുമാര്‍, കല്ലുവാതുക്കല്‍ കൃഷി ഓഫീസര്‍ ധന്യ കൃഷ്ണന്, ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ എസ് പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 1850/2020)
- Log in to post comments