മത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
അഞ്ച് ഇടങ്ങളിലായി പന്ത്രണ്ടര ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും
റിസര്‍വോയറുകളിലെയും പുഴകളിലെയും മത്സ്യ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 30) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാവും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് മുഖ്യാതിഥിയാവും.
പ്രാദേശിക തലങ്ങളില്‍ ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുവാനും മത്സ്യതൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പ് വരുത്താനുമാണ് റാഞ്ചിങ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതി ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
സംസ്ഥാനമൊട്ടാകെ 100 ഇടങ്ങളിലായി 300 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് നദികളില്‍ നിക്ഷേപിക്കുന്നത്. ജില്ലയില്‍ അഞ്ച് ഇടങ്ങളിലായി പന്ത്രണ്ടര ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും. തിരുനാവായയില്‍ ഭാരതപ്പുഴയിലും, ചാലിയാറില്‍ എടവണ്ണ, പോത്തുകല്ല് ഭാഗങ്ങളിലും കടലുണ്ടിപ്പുഴയില്‍ മലപ്പുറം, പറപ്പൂര് ഭാഗങ്ങളിലുമാണ് ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
ഉള്‍നാടന്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി ഫിഷറീസ് വകുപ്പ് രൂപീകരിക്കുന്ന സാങ്കേതിക സമിതികളായ ഫിഷറീസ് മാനേജ്മെന്റിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments